തെരഞ്ഞെടുപ്പ് കമീഷന് പൂർണ അനുമതി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂർണ ചുമതല വൈകാതെ തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരപരിധിയിൽ വരും. തെരഞ്ഞെടുപ്പ് കമീഷൻ രൂപവത്കരിക്കുന്നതിന് അംഗീകാരം നൽകിയതിനു പിറകെ കമീഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ബില്ലും ദേശീയ അസംബ്ലി പാസാക്കി. ചൊവ്വാഴ്ച ചേർന്ന അസാധാരണ സമ്മേളനത്തിൽ 62 സാമാജികരിൽ 59 എം.പിമാർ അനുകൂലിച്ചും മൂന്നു പേർ എതിർത്തും വോട്ട് ചെയ്തു.
തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയ സംഘടിപ്പിക്കാനും നീതിന്യായമന്ത്രിയുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ജനറൽ കമീഷനെ അധികാരപ്പെടുത്താൻ ബിൽ വ്യവസ്ഥചെയ്യുന്നു. നാലു വർഷ കാലയളവിൽ ഏഴു കുവൈത്ത് ജഡ്ജിമാരെയും കമീഷനിൽ ഉൾപ്പെടുത്തും. പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശങ്ങളുടെ നിയമസാധുത പരിശോധിക്കൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയമങ്ങൾ സ്ഥാപിക്കൽ, തെരഞ്ഞെടുപ്പ് ചെലവുകൾ, ഫണ്ടിങ് വിഭവങ്ങൾ, സമയം എന്നിവ ക്രമീകരിക്കൽ കമീഷന്റെ ചുമതലയായിരിക്കും.
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണം നിരീക്ഷിക്കൽ, സിവിൽ സൊസൈറ്റികൾ, അന്താരാഷ്ട്ര ഏജൻസികൾ, വേദികളുടെ ലൊക്കേഷൻ ക്രമീകരിക്കൽ എന്നിവയും കമീഷന്റെ ചുമതലകളിൽ ഉൾപ്പെടുന്നു. വോട്ടർമാർ, നോമിനികൾ, സംഘടനകൾ എന്നിവരിൽനിന്ന് പരാതികൾ സ്വീകരിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ഏതെങ്കിലും ‘സംശയിക്കപ്പെടുന്ന കുറ്റകൃത്യം’ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷനിൽ റിപ്പോർട്ട് ചെയ്യാനും തെരഞ്ഞെടുപ്പ് കമീഷന് അധികാരമുണ്ടാകും.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കൈകാര്യംചെയ്യുന്നതും കമീഷനാകും. ഫലപ്രഖ്യാപനത്തിനുശേഷം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തയാറാക്കുകയും ചെയ്യും. ഇതിന്റെ പകർപ്പ് നീതിന്യായമന്ത്രിക്കും സുപ്രീം ജുഡീഷ്യൽ കൗൺസിൽ മേധാവിക്കും ദേശീയ അസംബ്ലി സ്പീക്കർക്കും സമർപ്പിക്കും.
കരട് ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം ലഭിച്ചതോടെ സർക്കാർ വൈകാതെ മറ്റു നടപടികളിലേക്കു കടക്കും. ഇതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കു പകരമായി തെരഞ്ഞെടുപ്പ് നടത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതിന്റെ പൂർണ ചുമതല തെരഞ്ഞെടുപ്പ് കമീഷനിൽ വന്നുചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.