തെരഞ്ഞെടുപ്പ്: പത്രിക സമർപ്പണം നാളെ അവസാനിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. പത്രിക സമർപ്പണം ഏഴുദിവസം പിന്നിട്ടപ്പോൾ ഇതുവരെ 333 പേരാണ് മത്സരിക്കാൻ മുന്നോട്ടുവന്നത്. 306 പുരുഷന്മാരും 28 സ്ത്രീകളുമാണ് പത്രിക നൽകിയത്. ഒരാൾ പത്രിക പിൻവലിച്ചു.
ഒക്ടോബർ 26നാണ് പത്രിക സ്വീകരിച്ചുതുടങ്ങിയത്. തിങ്കളാഴ്ച ഒരു വനിത ഉൾപ്പെടെ 18 പേർ പത്രിക നൽകി. ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് ഏഴുദിവസം മുമ്പ് വരെ പിൻവലിക്കാം. ശുവൈഖിലെ ഖവാല ഗേൾസ് സ്കൂളിൽ ആണ് നാമനിർദേശ പത്രിക സ്വീകരിക്കുന്നത്. ഒരാൾക്ക് ഒരു മണ്ഡലത്തിൽ മാത്രമേ സ്ഥാനാർത്ഥിത്വം അനുവദിക്കൂ. അഞ്ചു നിയോജകമണ്ഡലങ്ങളിൽ നിന്നായി അമ്പതുപേരാണ് നാഷനൽ അസംബ്ലിയിൽ ജനപ്രതിനിധികളായി എത്തുക. അപേക്ഷയോടൊപ്പം ഓരോ സ്ഥാനാർത്ഥിയും 50 ദീനാർ കെട്ടിവെക്കണം. 30 വയസ്സ് പൂർത്തിയായ കുവൈത്ത് പൗരൻമാർക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമുള്ളത്. അറബി ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം, തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തുണ്ടായിരിക്കണം, ക്രിമിനൽ പശ്ചാത്തലമുണ്ടാകരുത് തുടങ്ങിയ നിബന്ധനകളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.