വൈദ്യുതി ഉപഭോഗം റെക്കോഡിലേക്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് കഠിനമായി താപനില കുത്തനെ ഉയരുമ്പോൾ വൈദ്യുതി ഉപഭോഗം റെക്കോഡിലേക്ക്. ഉയർന്ന വൈദ്യുതി ഉപയോഗം മറികടക്കാൻ ഹ്രസ്വകാല പരിഹാരങ്ങളും ശിപാർശകളും അടങ്ങുന്ന റിപ്പോർട്ട് പ്രത്യേക സമിതി സര്‍ക്കാറിന് സമര്‍പ്പിച്ചു.
കഴിഞ്ഞ വർഷത്തെ ഉപഭോഗമായ 16,830 മെഗാവാട്ടിനെ അപേക്ഷിച്ച് നാലു ശതമാനം വാർഷിക വർധന കണക്കാക്കിയാല്‍ പോലും, പരമാവധി ലോഡ് ലഭ്യമായ സുരക്ഷിതശേഷിയുടെ അടുത്തുവരെ എത്തും. നിലവില്‍ രാജ്യത്തെ പ്രതിദിന ഉൽപാദനം ഏതാണ്ട് 18,000 മെഗാവാട്ട് ആയതിനാല്‍ പ്രതിസന്ധി ഉണ്ടാകില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് സൂചന. റിപ്പോര്‍ട്ട് അനുസരിച്ച്,
2024ൽ പ്രതീക്ഷിക്കുന്ന പരമാവധി ലോഡ് 17,503 മെഗാവാട്ടും 2025ൽ 18,203 മെഗാവാട്ടും 2026ല്‍ 18,931 മെഗാവാട്ടുമാണ്. ഗൾഫ് ഇന്റർകണക്ഷൻ നെറ്റ്വർക്കിൽനിന്ന് അടിയന്തരമായി ഊർജം വാങ്ങേണ്ട ആവശ്യകത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം പ്രവർത്തനരഹിതമായ യൂനിറ്റുകളുടെയും പവർ സ്റ്റേഷൻ ഉപകരണങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉടന്‍ നടപടിയെടുക്കാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.
ഉയർന്ന ഉപഭോഗ സമയത്ത് ലോഡുകളുടെ മൂല്യങ്ങൾ കുറക്കുക, എയർ കണ്ടീഷനിങ് സംവിധാനങ്ങളുടെ തെർമോസ്റ്റാറ്റ് ക്രമീകരണങ്ങൾ 25 ഡിഗ്രി സെൽഷ്യസായി ഉയർത്തുക, ഫാക്ടറികള്‍ പീക്ക് സമയങ്ങളിൽ ഉൽപാദനം കുറക്കുക, വ്യവസായിക മേഖലകളിലേക്കും ഫാമുകളിലേക്കും ചാലറ്റുകളിലേക്കും തിരക്കേറിയ സമയങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുക, ജനറേഷൻ സ്റ്റേഷനുകളിലെ ഊർജനഷ്ടം നേരിടാൻ ഓട്ടോമാറ്റിക് ലോഡ് വേർതിരിവിനുള്ള ഷെഡ്യൂളുകൾ അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ നിരവധി നിർദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്താണ്. ചൂട് കൂടുന്നതിനനുസരിച്ച് എ.സികളുടെ ഉപയോഗവും വർധിക്കുന്നതാണ് ഇലക്ട്രിസിറ്റി ഉപയോഗം കൂട്ടാന്‍ ഇടയാക്കുന്നത്. കഴിഞ്ഞയാഴ്ച രാജ്യത്തെ വൈദ്യുതി ഉപയോഗം 16,050 മെഗാവാട്ട് പിന്നിട്ടിരുന്നു. അടുത്ത ദിവസങ്ങള്‍ ചൂട് വർധിക്കുന്നതോടെ വൈദ്യുതി ഉപഭോഗം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.