ഇലക്ട്രോണിക് പേമെന്റ് ഇടപാടുകൾ ശ്രദ്ധിക്കണം
text_fieldsകുവൈത്ത് സിറ്റി: ഓൺലൈൻ സാമ്പത്തിക ഇടപാടുകളിലെ വഞ്ചനക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. വ്യാജ ഇലക്ട്രോണിക് പേമെന്റ് ലിങ്കുകൾ വഴി പണം തട്ടുന്ന സംഘം സജീവമായതിനെ തുടർന്നാണ് മുന്നറിയിപ്പ്.
വ്യാജ ഇലക്ട്രോണിക് പേമെന്റ് സന്ദേശങ്ങൾ വഴി തട്ടിപ്പുകളും വഞ്ചനയും വലിയ രൂപത്തിൽ നടക്കുന്നുണ്ട്. ഇതിൽ ജാഗ്രത പാലിക്കണം. കൈമാറ്റം ചെയ്യപ്പെടുന്ന തുകകളുടെ വിവരങ്ങൾ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം. ബാങ്കിൽ നിന്നുള്ള ടെക്സ്റ്റ് സന്ദേശം വഴിയും അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ചും തുക നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്തു.
രാജ്യത്ത് സൈബർ തട്ടിപ്പ് അടുത്തിടെ വ്യാപകമായിരുന്നു. പ്രത്യേക ലിങ്കുകൾ വഴി ഉടമകൾ അറിയാതെ പണം തട്ടലാണ് പ്രധാന തട്ടിപ്പ്.
വിശ്വസനീയ രൂപത്തിൽ സന്ദേശം അയച്ചും ഫോൺ വിളിച്ചും പണം കൈക്കലാക്കാൻ പല രൂപത്തിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ വലവിരിക്കുന്നത്. ഔദ്യോഗിക മന്ത്രാലയങ്ങൾ, മൊബൈൽ കമ്പനികൾ, ബാങ്കുകൾ എന്നിവയുടെ പേരിൽ ഫോൺ വിളിക്കലും പിഴ അടക്കാൻ ആവശ്യപ്പെടലുമാണ് ഒരു രീതി. വിവിധ ലിങ്കുകൾ അയച്ച് ഒ.ടി.പി കരസ്ഥമാക്കി പണം തട്ടുന്ന രീതിയും ഉണ്ട്. കുവൈത്ത് പൊലീസിന്റെ വേഷത്തിൽ വാട്സ് ആപ്പിൽ വിഡിയോ കാൾ ചെയ്ത് അടുത്തിടെ നിരവധി പേരിൽ നിന്നാണ് പണം തട്ടിയത്. പണം നഷ്ടപ്പെടുന്നതോടെയാണ് പലർക്കും തട്ടിപ്പ് മനസ്സിലാകുക. തട്ടിപ്പുകൾ ഏറിയതോടെ സാമ്പത്തിക തട്ടിപ്പുകളും കുറ്റകൃത്യങ്ങളും, കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ അടുത്തിടെ വെർച്വൽ റൂം (അമാൻ)സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.