ഇലക്ട്രോണിക് തട്ടിപ്പുകളിൽ ‘സഹൽ’ ആപ്പുവഴി പരാതി നൽകാം
text_fieldsകുവൈത്ത് സിറ്റി: ഇലക്ട്രോണിക് തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനും പരാതികള്‍ നല്കുന്നതിനുമായി ‘അമാൻ’ സേവനം ആരംഭിച്ചു. ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ്പിൽ പുതിയ സേവനം ഉള്‍പ്പെടുത്തി. ഇതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.
രാജ്യത്തെ എല്ലാത്തരം ഇലക്ട്രോണിക് തട്ടിപ്പുകളും നിരീക്ഷിക്കാനും ഫിഷിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയതെന്ന് സഹൽ ഔദ്യോഗിക വക്താവ് യൂസഫ് കതെം അറിയിച്ചു. സാമ്പത്തിക തട്ടിപ്പുകളും കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ നേരത്തേ വെർച്വൽ റൂം സജ്ജമാക്കിയിരുന്നു. പബ്ലിക് പ്രോസിക്യൂഷനും കുവൈത്ത് ബാങ്കിങ് അസോസിയേഷനും (കെ.ബി.എ) സഹകരിച്ചാണ് പദ്ധതി.
ബാങ്കുകളിൽനിന്ന് സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും അവയോട് ഉടനടി പ്രതികരിക്കുന്നതിനും ഇതുവഴി കഴിയും.
പരാതികൾ ലഭിച്ചാലുടൻ ഡയറക്ടറേറ്റ് നടപടിയെടുക്കുകയും മോഷ്ടാക്കളുടെ അക്കൗണ്ടിൽനിന്ന് പണം മരവിപ്പിക്കുകയും ചെയ്യും. 2023 ഡിസംബർ ഏഴു മുതൽ മുതൽ ജനുവരി ഒമ്പതു വരെ 285 പരാതികൾ ഇതുവഴി കൈകാര്യം ചെയ്തു.
ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്ത ആളുകൾ ഉടൻ ബാങ്കുമായി ബന്ധപ്പെടണം.
രാജ്യത്ത് സൈബർ തട്ടിപ്പ് അടുത്തിടെ വ്യാപകമാണ്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ഇത്തരം തട്ടിപ്പിനിരയാകുന്നവർക്ക് ഉടനടി ‘അമാൻ’ വഴി പരാതിപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.