ഇലക്ട്രോണിക് സിക്ക് ലീവ് ‘വൻ വിജയം’
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സിക്ക് ലീവ് ‘സഹല്‍’ ആപ്പ് വഴി നടപ്പാക്കിയതോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇടിവ്. കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ ക്ലിനിക്കുകളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 21 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്മെൻറ് ആണ് ഇത് സംബന്ധമായ പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ സിക്ക് ലീവിനായി ആരോഗ്യ കേന്ദ്രങ്ങളില്‍ 4,025,157 പേര് സന്ദർശിച്ചപ്പോള്‍ ഈ പാദത്തില്‍ അത് 3,182,195 സന്ദർശകരായി കുറഞ്ഞു.
ജീവനക്കാരുടെ രോഗബാധിത അവധി ദിവസങ്ങളിലും 16 ശതമാനം കുറവുണ്ടായതായി ഡോ. അൽ സനദ് പറഞ്ഞു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയത്. നിലവില്‍ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഒരു ദിവസത്തേക്ക് മാത്രമേ ഇലക്ട്രോണിക് സിക്ക് ലീവിന് അപേക്ഷിക്കാൻ കഴിയുകയുള്ളൂ. അപേക്ഷിക്കുന്ന ദിവസത്തിന്റെ അതേ തിയതിയിൽതന്നെ ആയിരിക്കണം ലീവ്. ഒരു മാസത്തിൽ ഓൺലൈൻ വഴി അനുവദിക്കുന്ന രോഗ അവധി പരമാവധി മൂന്നു ദിവസവും ആയിരിക്കും. ഇതിൽ കൂടുതൽ അവധി ആവശ്യമാണെങ്കിൽ ആശുപത്രികളിൽ നേരിട്ട് എത്തി ഡോക്ടറുടെ പരിശോധനക്ക് വിധേയമാകണമെന്നും ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.