ശൈഖ് നവാഫ്: സമഗ്രവികസനം ലക്ഷ്യമിട്ട ധിഷണാശാലി
text_fieldsകുവൈത്ത് സിറ്റി: 1961 ഫെബ്രുവരി 21ന് ഹവല്ലി ഗവർണറായാണ് ശൈഖ് നവാഫിന്റെ ഔദ്യോഗിക ചുമതലകളുടെ തുടക്കം. 1978 മാർച്ച് 19 വരെ ആ സ്ഥാനത്ത് തുടർന്നു. ഈ കാലയളവിൽ, 1961 ജൂണിൽ ബ്രിട്ടനിൽനിന്ന് കുവൈത്ത് സ്വാതന്ത്ര്യം നേടി. ഹവല്ലി ഗവർണറേറ്റിനെ പഴയ ഗ്രാമീണ പശ്ചാത്തലത്തിൽനിന്ന് ആധുനിക നഗരാസൂത്രണവും സാമ്പത്തിക പ്രവർത്തനങ്ങളും വഴി സജീവമായ ബിസിനസ് കേന്ദ്രമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ആഭ്യന്തര മന്ത്രിയെന്ന നിലയിൽ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കാനും അത്യാധുനിക സുരക്ഷ സംവിധാനങ്ങളും ഉപകരണങ്ങളും അവതരിപ്പിക്കാനും ശ്രമിച്ചു. പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും പൊലീസ് ഉദ്യോഗസ്ഥരുടെ ശേഷി വർധിപ്പിക്കാനും ഇതുവഴി ശൈഖ് നവാഫിന് സാധിച്ചു.
കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം തിരിച്ചറിയുകയും അതിർത്തികളിൽ നിയന്ത്രണം കർശനമാക്കുകയും ചെയ്തു. രാജ്യസുരക്ഷയും സുസ്ഥിരതയും തകർക്കുന്ന നുഴഞ്ഞുകയറ്റക്കാർക്ക് പ്രവേശനം നിഷേധിച്ച് കര, സമുദ്ര അതിർത്തികളിലെ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ തന്ത്രം ആവിഷ്കരിച്ചു.
പ്രതിരോധ മന്ത്രിയായിരിക്കെ ശൈഖ് നവാഫ് ആധുനിക പരിശീലനത്തിലൂടെയും അത്യാധുനിക ആയുധങ്ങൾ നൽകിയും സൈന്യത്തെ നവീകരിച്ചു.
1990ലെ ഇറാഖ് അധിനിവേശത്തിന് പിറകെ സാമൂഹികകാര്യ-തൊഴിൽ മന്ത്രിയായി ചുമതല വഹിച്ച ശൈഖ് നവാഫ്, വിധവകളെയും അനാഥരെയും ദുഃഖിതരായ വയോധികരെയും പരിപാലിക്കുന്നതിൽ ശ്രദ്ധേയമായ മാനുഷിക പങ്കുവഹിച്ചു. വിമോചന യുദ്ധത്തിനുശേഷം തൊഴിലാളികളെ ജോലി പുനരാരംഭിക്കാൻ സഹായിച്ച് തൊഴിൽ വിപണിയെ പുനരധിവസിപ്പിച്ചു.
ഇറാഖ് അധിനിവേശ സമയത്ത് സൗദി അറേബ്യയിലേക്കുള്ള അധികാരികളുടെ സുരക്ഷിതമായ യാത്രക്ക് വഴിയൊരുക്കി. ശേഷം ഇറാഖി അധിനിവേശ സേനക്കെതിരായ ചെറുത്തുനിൽപിനായി സൈന്യത്തെയും സിവിലിയന്മാരെയും അണിനിരത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.