പൊതുമുതൽ സംരക്ഷിക്കണമെന്ന് സർക്കാറിനോട് അമീർ
text_fieldsകുവൈത്ത് സിറ്റി: പൊതുമുതൽ സംരക്ഷിക്കണമെന്ന് സർക്കാറിനോടും പാർലമെൻറിനോടും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭ്യർഥിച്ചു. പുതുതായി ചുമതലയേറ്റ മന്ത്രിസഭാംഗങ്ങൾ അമീറിന് മുന്നിലെത്തി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം എല്ലാവർക്കും തുല്യമാണ്. സുതാര്യമായി നിയമവും നീതിയും നടപ്പാക്കണം. നിർണായക സന്ദർഭത്തിലൂടെയാണ് രാജ്യവും ലോകവും കടന്നുപോകുന്നത്. വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ എല്ലാവരും ഉത്തരവാദിത്ത നിർവഹണത്തിന് ജാഗ്രതയോടെ കഠിനാധ്വാനം നടത്തണം.
പരിഷ്കരണങ്ങളും വികസന പദ്ധതികളും ഒഴിവാക്കാൻ കഴിയില്ലെന്നും അമീർ വ്യക്തമാക്കി. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ സേവനത്തിന് അമീർ നന്ദി അറിയിച്ചു. പാർലമെൻറും സർക്കാറും രാജ്യതാൽപര്യം മുൻനിർത്തി സഹകരിച്ച് പ്രവർത്തിക്കണമെന്നും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും അമീർ അഭ്യർഥിച്ചു. പ്രതിപക്ഷത്തിന് ശക്തിയുള്ള പാർലമെൻറിൽ അവിശ്വാസ പ്രമേയം വോട്ടിനിട്ടാൽ വിജയിക്കുമെന്ന സ്ഥിതിയുണ്ട്. പ്രതിപക്ഷ എം.പിമാർക്ക് ശക്തിയുള്ള നിലവിലെ പാർലമെൻറും സർക്കാറും തമ്മിൽ ഏറെക്കാലം സഹകരിച്ച് മുന്നോട്ടുപോവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 50 അംഗ പാർലമെൻറിൽ 38 പേരുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷത്തിെൻറ അവകാശവാദം. ഭരണഘടന പ്രകാരം പാർലമെൻറിന് അവിശ്വാസ പ്രമേയത്തിലൂടെ മന്ത്രിമാരെ പുറത്താക്കാൻ അവകാശമുണ്ട്.
പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപവത്കരിച്ച് ഒരുമാസത്തിനകം രാജിവെക്കേണ്ടി വന്നു. ഡിസംബർ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റത്.ഒരുമാസം തികയുന്നതിന് മുമ്പ് ജനുവരി 12ന് രാജിവെച്ചു. പാർലമെൻറ് അംഗങ്ങളുടെ സമ്മർദ്ദമാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കിൽ സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എം.പിമാർ ഉറച്ചുനിന്നു.
നാലുപേർ പുറത്തായി; നാലു പുതുമുഖങ്ങൾ
കുവൈത്ത് സിറ്റി: രൂപവത്കൃതമായി ഒരുമാസത്തിനകം രാജിവെക്കേണ്ടി വന്ന കുവൈത്ത് മന്ത്രിസഭക്ക് പകരം വന്ന പുതിയ മന്ത്രിസഭയിൽ നാലു പുതുമുഖങ്ങൾ. കഴിഞ്ഞ മന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് സ്ഥാനം നഷ്ടമായി. അനസ് അൽ സാലിഹ്, ഡോ. അബ്ദുല്ല അബ്ദുസ്സമദ് അൽ മറാഫി, ഡോ. നവാഫ് സൗദ് അൽ യാസീൻ, ഫൈസൽ അബ്ദുറഹ്മാൻ അൽ മിദ്ലജ് എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമായപ്പോൾ അബ്ദുല്ല യൂസുഫ് അബ്ദുറഹ്മാൻ അൽ റൂമി, ഷായ അബ്ദുറഹ്മാൻ അഹ്മദ് അൽ ഷായ, അബ്ദുല്ല ഇൗസ അൽ സൽമാൻ, മഷാൻ മുഹമ്മദ് മഷാൻ അൽ ഉതൈബി എന്നിവർ പുതുമുഖങ്ങളായി ഇടംപിടിച്ചു. ഇതിൽ അബ്ദുല്ല യൂസുഫ് അബ്ദുറഹ്മാൻ അൽ റൂമി ഉപപ്രധാനമന്ത്രി പദത്തോടെയാണ് മന്ത്രിസഭയിൽ ഇടംപിടിച്ചത്.
മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന അനസ് അൽ സാലിഹിനെ വെച്ചുപൊറുപ്പിക്കില്ലെന്ന പാർലമെൻറ് അംഗങ്ങളുടെ സമ്മർദം സർക്കാറിന് അംഗീകരിക്കേണ്ടിവന്നു. സ്പീക്കർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർലമെൻറിലുണ്ടായ സംഭവവികാസങ്ങളിൽ അനസ് അൽ സാലിഹിെൻറ കടുംപിടിത്തമാണ് എം.പിമാരെ പ്രകോപിപ്പിച്ചത്. തുടർന്ന് എം.പിമാർ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസം വിജയിക്കുമെന്ന ഘട്ടത്തിലാണ് മന്ത്രിസഭ രാജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.