ഖറാഫി നാഷനൽ : തൊഴിലാളികളെ ആനുകൂല്യങ്ങൾ നൽകാതെ ഒഴിവാക്കാൻ നീക്കം
text_fields
കുവൈത്ത് സിറ്റി: മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തിലായ ഖറാഫി നാഷനൽ കമ്പനിയിലെ ജീവനക്കാരെ സർവിസ് ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടാൻ നീക്കം. കഴിഞ്ഞദിവസം കമ്പനിയുടെ നോട്ടീസ് ബോർഡിൽ പ്രത്യക്ഷപ്പെട്ട നോട്ടീസ് ഇൗ സൂചനയാണ് നൽകുന്നത്. ആനുകൂല്യങ്ങൾ കൈപ്പറ്റാതെ പിരിഞ്ഞുപോകാൻ തയാറുള്ള ജീവനക്കാർ വിവരം അറിയിക്കണമെന്നാണ് നോട്ടീസിലുള്ളത്. ഇഖാമ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിഴ അടക്കേണ്ട തൊഴിലാളികളുടെ നിസ്സഹായാവസ്ഥ മുതലെടുക്കാനാണ് ശ്രമം. കഴിഞ്ഞദിവസം കുവൈത്ത് സന്ദർശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് തൊഴിലാളികളുടെ പിഴ ഒഴിവാക്കുന്നതു സംബന്ധിച്ച് കുവൈത്ത് തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് മന്ത്രിസഭയുടെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. പിഴ ഒഴിവാക്കിക്കിട്ടുകയാണെങ്കിൽ നാട്ടിലേക്ക് പോവാൻ ഒരു വിഭാഗം ജീവനക്കാർ തയാറായതായാണ് സൂചന.
എന്നാൽ, ആനുകൂല്യങ്ങൾ ലഭിക്കണമെന്ന നിലപാടിലാണ് ഒരു വിഭാഗം. പിഴ ഒഴിവാക്കി നൽകിയുള്ള കുവൈത്ത് സർക്കാർ തീരുമാനം വരുകയാണെങ്കിൽ ആനുകൂല്യങ്ങൾ വാങ്ങാതെ തന്നെ മടങ്ങാൻ തയാറുള്ള ജീവനക്കാരെ ഒന്നിച്ച് ഇന്ത്യയിലേക്ക് കൊണ്ടുപോവാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാവും. സർവിസ് ആനുകൂല്യങ്ങൾ ലഭിക്കണമെന്ന നിലപാടുള്ളവർക്കായി ഇന്ത്യൻ അധികൃതർ നിയമസഹായം നൽകുമെന്നാണ് പ്രതീക്ഷ. തൊഴിലാളികൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാമെന്ന് ഉറപ്പുനൽകാനാവില്ലെന്ന് മന്ത്രി സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. ജോലിയും ഇഖാമയും ഇല്ലാതെ മാസങ്ങളായി ദുരിതം പേറുകയാണ് ഖറാഫി നാഷനലിലെ മൂവായിരത്തില്‍ അധികം ഇന്ത്യന്‍ തൊഴിലാളികൾ. വർഷങ്ങളായി ലഭിക്കാനുള്ള ലക്ഷക്കണക്കിന് രൂപയുടെ സർവിസ് ആനുകൂല്യങ്ങൾ ഉപേക്ഷിച്ച് വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.