കൗമാരക്കാരെ തേടി രാജ്യത്തെ തൊഴിൽ മേഖല
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ മേഖലയിൽ കൂടുതൽ കൗമാരക്കാരെ ഉൾക്കൊള്ളണമെന്നും അവർക്കാണ് പുതിയ ചിന്തകളിലേക്ക് നയിക്കാൻ കഴിയുകയെന്നും വിദഗ്ധർ.
മാധ്യമപ്രവർത്തക നദ അൽ ഒഖയ്‍ലി 'കുവൈത്ത് ടൈംസി'ൽ എഴുതിയ ലേഖനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി. മുഴുവൻ പ്രവർത്തനമേഖലയും പുതിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനപ്പെടുത്തി മുന്നേറുന്നതിനാൽ സർഗകാത്മകത നിർണായകമാണ്. കൗമാരം ഏറ്റവും ക്രിയാത്മക പ്രായമാണ്.
ഇതുകൊണ്ടുതന്നെ വളർന്നുവരുന്ന പുതിയ തലമുറയെ തൊഴിൽ മേഖലകളിലേക്ക് ആകർഷിക്കാൻ പുതുപദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധർ പറയുന്നത്. അത് രാജ്യത്തിന്റെ വേഗത്തിലുള്ള മുന്നേറ്റത്തിന് മുതൽക്കൂട്ടാകും. അടുത്ത കാലം വരെ വിവിധ മേഖലകളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളിൽ രാജ്യത്ത് ചെറുപ്പക്കാർ കുറവായിരുന്നു. എന്നാൽ, ഇപ്പോൾ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ യുവസംരംഭകർ ഉയർന്നുവരാൻ തുടങ്ങിയിട്ടുണ്ട്.
പത്തൊമ്പതാം വയസ്സിൽ മാർക്ക് സക്കർബർഗ് 60 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ഫേസ്ബുക്ക് ആപ്ലിക്കേഷൻ വിജയകരമായി രൂപപ്പെടുത്തി.
ഇത് ഇവാൻ സ്പീഗലും ബോബി മർഫിയും അടക്കമുള്ള മറ്റ് യുവ സാങ്കേതിക വിദഗ്ധർക്കും പ്രചോദനമായി പുതിയ വഴിത്തിരിവുകൾ രൂപപ്പെട്ടുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. നാഡീശാസ്ത്രപരമായി പറഞ്ഞാൽ കൗമാരമസ്തിഷ്കം അത്ഭുതമാണെന്നും അതിനെ ഉപയോഗപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും വിദഗ്ധരുടെ അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടി അവർ വിശദീകരിച്ചു. പുതിയതും ബുദ്ധിമുട്ടുള്ളതുമായ പരിതസ്ഥിതികളുമായി എളുപ്പം പൊരുത്തപ്പെടാൻ സാധിക്കുക ചെറുപ്പക്കാർക്കാണെന്നും മുതിർന്നവരിൽ ഭാവനയെന്നത് മറക്കുന്ന ഒന്നാണെന്നും അവർ ചൂണ്ടിക്കാട്ടി.
കൗമാരക്കാർക്ക് സങ്കൽപിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള കഴിവ് കൂടുതലാണെന്നും ലേഖനത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.