കാപിറ്റൽ ഗവർണറേറ്റിൽ റോഡരികിലെ കൈയേറ്റം ഒഴിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കാപിറ്റൽ ഗവർണറേറ്റിൽ മുനിസിപ്പൽ അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. റോഡിലേക്ക് ഇറക്കിക്കെട്ടി നടത്തിയ നിർമാണപ്രവർത്തനങ്ങൾ അധികൃതർ പൊളിച്ചുമാറ്റി. ജംഇയ്യക്ക് സമീപം നടന്ന കൈയേറ്റമൊഴിപ്പിക്കലിന് മുനിസിപ്പൽ മേധാവി അഹ്മദ് അൽ മൻഫൂഹി നേതൃത്വം നൽകി. അനധികൃത മൊബൈൽ ബക്കാലകൾ നടത്തിയവർക്കെതിരെയും വഴിയോര കച്ചവടക്കാർക്കെതിരെയും കേസെടുത്തു.
ഗതാഗതത്തിന് തടസ്സമാകുന്ന തരത്തിൽ വഴിയോരത്ത് നിർത്തിയിട്ട നിരവധി വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. ഇതോടൊപ്പം നടത്തിയ ഭക്ഷ്യ പരിശോധനയിൽ 19 നിയമലംഘനങ്ങൾ കണ്ടെത്തി. അഞ്ച് ടൺ പഴകിയ ഭക്ഷ്യധാന്യങ്ങളാണ് പിടികൂടിയത്. ജെ.സി.ബിയുമായി എത്തിയ അധികൃതർ പൊളിച്ചുമാറ്റിയ നിർമാണ അവശിഷ്ടങ്ങൾ അടക്കം രണ്ട് ലോറി സാധനങ്ങൾ കൊണ്ടുപോയി. നിയമലംഘനങ്ങൾ പിടികൂടാൻ നടത്തുന്ന പരിശോധനയിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ആറ് ഗവർണറേറ്റുകളിലും ശക്തമായ പരിശോധന തുടരുമെന്നും ഇക്കാര്യത്തിൽ അടിയന്തര നിർദേശം നൽകിയതായും കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ അഹ്മദ് അൽ മൻഫൂഹി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് മുഖ്യപരിഗണനയെന്നും മറ്റു വൈകാരികതകൾ ഇതിനിടയിൽ നോക്കാൻ കഴിയില്ലെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.