പ്രവാസികൾക്ക് ഗുണകരമാകും; സഹൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് വരുന്നു
text_fieldsകുവൈത്ത് സിറ്റി: സർക്കാർ ഇടപാടുകളുടെ ഏകീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്ന സഹൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് വരുന്നതായി റിപ്പോർട്ട്. സഹൽ ആപ്ലിക്കേഷന്‍റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്നും വരാനിരിക്കുന്ന അപ്‌ഡേറ്റുകളിൽ ഇംഗ്ലീഷ് ഭാഷ ഉൾപ്പെടുത്തുമെന്നും 'സഹൽ' ആപ്പിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസത്തെ ഉദ്ധരിച്ച് ‘കുവൈത്ത് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
ആപ്ലിക്കേഷൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന അറബി ഇതര ഭാഷ സംസാരിക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അവരുടെ ആശങ്കകളെ മാനിക്കുന്നതിനാൽ, വരാനിരിക്കുന്ന അപ്‌ഡേറ്റുകളിൽ ഇംഗ്ലീഷ് പതിപ്പ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നു യൂസഫ് കാസ വ്യക്തമാക്കി. എന്നാൽ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്ന തീയതി വ്യക്തമല്ല.
നിലവിൽ അറബി ഭാഷയിൽ മാത്രമാണ് ആപ്പിൽ വിവരങ്ങൾ ഉള്ളത്. ഇത് ഭാഷാപ്രാവീണ്യം ഇല്ലാത്ത പ്രവാസികൾ അടക്കമുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നതോടെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്കു ഉപകാരപ്രദമാകും.
സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി 2021 സെപ്റ്റംബർ 15 നാണ് സഹൽ ആപ് പുറത്തിറക്കിയത്. നിലവില്‍ 35 സര്‍ക്കാര്‍ വകുപ്പുകളുടെ 350 ലധികം സർവിസുകള്‍ ഇതു വഴി ലഭ്യമാണ്. രേഖകളുടെ സാധുത ഉറപ്പു വരുത്താൻ ക്യു ആർ കോഡ് സൗകര്യവും ഉണ്ട്. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. സ്വദേശികളും വിദേശികളുമടക്കം പതിനാറ് ലക്ഷത്തിലധികം പേർ നിലവിൽ ആപ്പിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോണിൽ േപ്ല സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സിവിൽ ഐ.ഡി ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.