സൈബർ സുരക്ഷ വർധിപ്പിക്കാൻ സജീവ നടപടികൾ
text_fieldsകുവൈത്ത് സിറ്റി: സൈബർ സുരക്ഷ വർധിപ്പിക്കുന്നതിന് സജീവ നടപടികളുമായി കുവൈത്ത്. സുരക്ഷിതമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഉറപ്പാക്കൽ, സർക്കാർ സ്ഥാപനങ്ങളിലെ വിവരങ്ങളുടെ പരമാവധി പരിരക്ഷ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതികൾ.
ഇതിന്റെ ഭാഗമായി സിവിൽ സർവിസ് കമീഷൻ (സി.എസ്.സി) സർക്കാർ ജീവനക്കാർക്ക് സൈബർ സുരക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കും. മൂന്നു ഘട്ടങ്ങളിലായുള്ള പ്രോഗ്രാമിന്റെ ആദ്യഘട്ടം വൈകാതെ ആരംഭിക്കും. ഡിസംബർ, ഫെബ്രുവരി മാസങ്ങളിലാകും തുടർഘട്ടങ്ങൾ. സൈബർ സുരക്ഷ അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള കഴിവുകൾ എല്ലാ സർക്കാർ ജോലിക്കാർക്കും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം.
ആന്റിവൈറസ് സോഫ്റ്റ്വെയർ, ആന്റി-ഹാക്കിങ് ടൂളുകൾ, സിസ്റ്റങ്ങളുടെ കേടുപാടുകൾ പരിഹരിച്ച് അവയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ തുടങ്ങിയവ പരിശീലന ഭാഗമാണ്. ഗ്ലോബൽ സൈബർ സെക്യൂരിറ്റി പ്രോഗ്രാം, ബ്രൗസറിലെയും ഇ-മെയിൽ സുരക്ഷയിലെയും മികച്ച രീതികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സൈബർ തട്ടിപ്പുകളും ഹാക്കിങ്ങും ആഗോളതലത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കുവൈത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത്. ആഗോള സൈബർ സുരക്ഷാ സൂചികയിൽ ലെവൽ 3ൽ സ്ഥാനം നേടിയ രാജ്യമാണ് കുവൈത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.