നോമ്പിന്റെ ഗുണഫലങ്ങൾ ആസ്വദിക്കുക
text_fieldsഒരുമാസത്തെ റമദാൻ നോമ്പിന് അവസാനമാകുകയായി. ഈ മാസത്തിൽ നാം എന്തുനേടി എന്നതിന് ഈ ഘട്ടത്തിൽ വലിയ പ്രാധാന്യമുണ്ട്. നോമ്പ് ശരീരത്തിന് സുരക്ഷാകവചവും ആത്മാവിന് സംസ്കരണവുമാണ്. ഈ രണ്ട് അർഥത്തിലും നോമ്പിന്റെ ഗുണഫലങ്ങൾ ആസ്വദിക്കാൻ അടുത്ത നോമ്പുവരെ നമുക്കാകണം.
നോമ്പുകൊണ്ട് ശരീരഭാരം കുറക്കുന്നതു മുതൽ പ്രമേഹനിയന്ത്രണം, കൊളസ്ട്രോൾ നിയന്ത്രണം, ആരോഗ്യമുള്ള ചർമം, ബുദ്ധിവികാസം വരെയുള്ള ആരോഗ്യഗുണങ്ങളുണ്ട്.
മനുഷ്യശരീരത്തിലെ ഗ്രന്ഥികൾ, ആമാശയം, പ്ലീഹ, കിഡ്നി, ഹൃദയം, തൊലി, പ്രമേഹം, രക്തഗ്രന്ഥികൾ, കരൾ എന്നീ അവയവങ്ങൾക്കെല്ലാം പ്രത്യേകം ഗുണം ചെയ്യുന്നതാണ് വ്രതാനുഷ്ഠാനം. അതോടൊപ്പം വൈറസ്, ബാക്ടീരിയ എന്നിവയെ തടഞ്ഞ് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും വ്രതാനുഷ്ഠാനം സഹായിക്കും. ലിംഫോസൈറ്റുകളുടെ പ്രവർത്തനസൂചിക വർധിപ്പിക്കാനും പ്രതിരോധശേഷി സെല്ലുകളുടെ എണ്ണം വർധിപ്പിക്കാനും ചില ആന്റിബയോട്ടിക്കുകളുടെ ക്ഷമത ഇരട്ടിപ്പിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും വ്രതാനുഷ്ഠാനം സഹായിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആഹാരത്തിലെ വിഷാംശങ്ങൾ ശരീരത്തിൽ അടിഞ്ഞു കൂടുകയും ഭാരം വർധിച്ച് ഊർജത്തിനു ഭംഗംവരുത്തി ആളുകളെ രോഗിയാക്കി മാറ്റുകയും ചെയ്യും. നോമ്പനുഷ്ഠിക്കുന്നതോടെ ഈ വിഷാംശങ്ങൾ ശരീരത്തിൽ നിന്ന് ഒഴിഞ്ഞുപോകും. ശരീരഭാരം കുറയും. ശരീരത്തിലെ സെല്ലുകൾ പുതുരൂപം പ്രാപിക്കാൻ സഹായിക്കും.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും ശാരീരികബന്ധവും പൂര്‍ണമായും ഉപേക്ഷിക്കലാണ് നോമ്പിന്റെ പ്രത്യക്ഷത്തിലുള്ള രൂപം. പ്രാർഥനകളാലും പുണ്യകർമങ്ങളാലും മനസ്സിനെ ശുദ്ധീകരിക്കുക എന്നത് നോമ്പിന്റെ ആത്മീയ രൂപവുമാണ്. ഇതിനാൽ നോമ്പ് ഒരേ സമയം ശാരീരികവും മാനസികവുമായ നിയന്ത്രണമാണെന്ന് പറയാം. നോമ്പെടുക്കുന്ന വ്യക്തികളില്‍ ശാരീരിക ബുദ്ധിമുട്ടുകളിലും രോഗങ്ങളിലും കുറവുണ്ടാകുമെന്നാണ് കണ്ടെത്തൽ. അതുകൊണ്ടുതന്നെ ഈ നേട്ടങ്ങൾ നോമ്പുകൊണ്ട് നമുക്ക് ലഭ്യമായോ എന്ന് ഗൗരവത്തിൽ ചിന്തിക്കണം. നോമ്പുകാലത്തെ ഭക്ഷണശീലങ്ങളിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് ആവശ്യം സമീകൃത ആഹാരം, കൃത്യമായ ശാരീരിക-മാനസിക വ്യായാമം എന്നിവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.