ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ: കർശന പരിശോധനകൾ തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഇടങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സംഘം പരിശോധന നടത്തി.
ഷുവൈഖിലെ ഭക്ഷണ സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 125 കിലോ കേടായ മാംസം പിടിച്ചെടുത്തു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത തരത്തിൽ ആയിരുന്നു മാംസം. 12 നിയമലംഘനങ്ങളും ഇവിടെ കണ്ടെത്തി. വിവിധ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കിയതായി ഷുവൈഖ് ഫുഡ് ഇൻസ്പെക്ഷൻ സെന്റർ (ബി) മേധാവി മഹാ അൽ ഗൗൾ അറിയിച്ചു.
ഇതിനായി കാപിറ്റൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അലി അൽ കന്ദാരിയുടെ കർശന നിർദേശമുണ്ട്. കാലഹരണപ്പെട്ടതോ അനുയോജ്യമല്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കളുടെ വിൽപന, അനുവദിച്ചതിലും കൂടുതൽ സ്ഥലം അനധികൃതമായി ഉപയോഗിക്കുന്നത്, ആരോഗ്യ ചട്ടങ്ങൾ ലംഘിക്കൽ, ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ എന്നിവയെല്ലാം നടപടികൾക്ക് കാരണമാകും.
ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ ആവശ്യകതകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഉണർത്തി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.