പ്രവാസികളുടെ കൂട്ടായ്മയിൽ കേരളത്തിൽ വ്യവസായ സംരംഭം
text_fieldsകുവൈത്ത് സിറ്റി: ആറു ഗൾഫ് രാജ്യങ്ങളിലെ തിക്കോടി നിവാസികളായ പ്രവാസികൾ ചേർന്ന് രൂപവത്കരിച്ച ഗ്ലോബൽ തിക്കോടിയൻസ് ഫോറം അംഗങ്ങളെ പങ്കാളികളാക്കി കേരളത്തിൽ ആരംഭിച്ച വ്യവസായ സംരംഭം ഉദ്ഘാടനത്തിനൊരുങ്ങുന്നു. രണ്ടായിരത്തോളം അംഗങ്ങളുള്ള സംഘടന രൂപം നൽകിയ പ്രഥമ സംരംഭമാണ് ജി.ടി.എഫ് സ്റ്റീൽസ്.
പ്രവാസികൾക്ക് സ്ഥിരവരുമാനം ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികളുടെ തുടക്കമെന്ന നിലയിൽ ഈ സ്ഥാപനം തുടങ്ങിയത്. കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ പഞ്ചായത്തിൽ മന്ദങ്കാവിലെ സിപ്കോ ഇൻഡസ്ട്രിയൽ കോമ്പൗണ്ടിൽ 2018ൽ അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജനും തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനും ചേർന്നാണ് തറക്കല്ലിട്ടത്. ഇപ്പോൾ പൂർണമായും പ്രവർത്തനസജ്ജമായി ഉദ്ഘാടനത്തിനായി ഒരുങ്ങിനിൽക്കുകയാണ്.
18 കോടി രൂപ മുതൽമുടക്കിൽ ചെറുതും വലുതുമായ 210 നിക്ഷേപകരുടെ പങ്കാളിത്തത്തോടെയാണ് ഈ സ്വപ്ന പദ്ധതി തുടങ്ങിയത് എന്ന് ജി.ടി.എഫ് കുവൈത്ത് ഘടകം ചെയർമാൻ അബു കോട്ടയിൽ അറിയിച്ചു.
ദുബൈയിലെ ബഷീർ നടേമ്മൽ ചെയർമാനും കുവൈത്ത് പ്രവാസി ഇസ്ഹാഖ് കൊയിലിൽ സി.ഇ.ഒയും ജംഷീദ് അലി ഫിനാൻസ് മാനേജറുമായാണ് കമ്പനി പ്രവർത്തിക്കുന്നത്.
മരത്തിെൻറ ലഭ്യതക്കുറവിന് പകരമായി സ്റ്റീൽ റ്റ്യൂബ്, പൈപ്പ് എന്നിവയുടെ വ്യാപകമായ ഉപയോഗമാണ് ഇത്തരം വ്യവസായ സ്ഥാപനം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. നല്ല ഭാവിയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നതെന്നും സമീപ ഭാവിയിൽ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കഴിയുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.