പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ; കുത്തിവെപ്പെടുക്കാത്തവർ ബുദ്ധിമുട്ടും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മന്ത്രിസഭ ഉത്തരവ് പ്രകാരം വലിയ മാളുകൾ, റെസ്റ്റാറൻറുകൾ, ഹെൽത് ക്ലബുകൾ, സലൂണുകൾ എന്നിവിടങ്ങളിലെ പ്രവേശന നിയന്ത്രണം പ്രാബല്യത്തിലായി. സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐഡി അല്ലെങ്കിൽ ആരോഗ്യമന്ത്രാലയത്തിെൻറ ഇമ്മ്യൂൺ ആപ്പ് എന്നിവയുടെ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയാകും ഇൗ സ്ഥാപനങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കുക. പച്ച, ഒാറഞ്ച് നിറം കാണിക്കുന്നവരെ പ്രവേശിപ്പിക്കും.
ചുവപ്പ് നിറമുള്ളവർക്ക് പ്രവേശനമുണ്ടാകില്ല. വാക്സിൻ കോഴ്സ് പൂർത്തിയാക്കിയവരുടെ സ്റ്റാറ്റസ് പച്ച നിറത്തിലും 14 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്കും കോവിഡ് മുക്തി നേടി 90 ദിവസം വരെയുള്ളവർക്കും ഓറഞ്ച് നിറത്തിലുമാണ് ആപ്പുകളിൽ കാണിക്കുക. വാക്സിൻ എടുക്കാത്തവർക്കാണ് ചുവപ്പുനിറം.
ആരോഗ്യമന്ത്രലയത്തിൽനിന്ന് പ്രത്യേക ഇളവ് നേടിയവർ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾ, സ്ഥാപന ഉടമകൾ എന്നിവർക്ക് നിബന്ധനകളോടെ പ്രവേശനം ഉണ്ടാകും. 6000 ചതുരശ്ര മീറ്ററിന് മുകളിൽ വിസ്തൃതിയുള്ള മാളുകളിൽ മാത്രമാണ് പ്രവേശന വിലക്ക് എന്നതിനാൽ സാധാരണ ഹൈപ്പർ മാർക്കറ്റുകളിൽ പോകുന്നതിന് തടസ്സമുണ്ടാകില്ല. അതേസമയം, റെസ്റ്റാറൻറുകൾ, സലൂണുകൾ എന്നിവിടങ്ങളിലെ പ്രവേശന വിലക്ക് സാധാരണക്കാർക്ക് തിരിച്ചടിയാണ്.
കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അപ്പോയൻറ്മെൻറ് ലഭിക്കാത്തവർ നിരവധിയാണ്. ഇവർക്ക് ഇളവ് നൽകുന്നതായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാപനങ്ങൾക്കും പ്രവേശന നിയന്ത്രണം തിരിച്ചടിയാണ്. നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി വ്യാപാരം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് പുതിയ നിയന്ത്രണം. റെസ്റ്റാറൻറുകളെയും സലൂണുകളെയുമാണ് നേരത്തെ നിയന്ത്രണങ്ങൾ കൂടുതലായി ബാധിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.