ഗാർഹികത്തൊഴിലാളി: ഇനി റിക്രൂട്ട്മെൻറിന് മുമ്പ് ഇത്യോപ്യക്കാർക്ക് മാനസിക പരിശോധന
text_fieldsകുവൈത്ത് സിറ്റി: ഇത്യോപ്യയിൽനിന്നുള്ള റിക്രൂട്ടു്മെൻറ് വിലക്ക് പിൻവലിച്ചെങ്കിലും കുവൈത്തിലെത്തുന്നതിന് മുമ്പ് ഇത്യോപ്യക്കാരെ മാനസിക പരിശോധനക്ക് വിധേയമാക്കാൻ ധാരണ. ഇത്യോപ്യൻ തൊഴിൽകാര്യമന്ത്രി അബ്ദുൽ ഫത്താഹ് അബ്ദുല്ലയും ഇത്യോപ്യയിലെ കുവൈത്തിെൻറ അംബാസഡർ റാഷിദ് അൽ ഹാജിരിയും കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്. ജോലിക്കായി കുവൈത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ മനോനില പരിശോധിക്കുന്നതിന് ഇത്യോപ്യയിൽ പ്രത്യേകം കൗൺസലിങ് കേന്ദ്രങ്ങൾ തുറക്കാനാണ് തീരുമാനം. ക്രിമിനൽ പശ്ചാത്തലവും കുറ്റവാസനയും തീരേ ഇല്ലായെന്ന് ബോധ്യപ്പെട്ടവരിൽനിന്ന് മാത്രമായിരിക്കും വിസക്കുവേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുകയെന്ന് കുവൈത്ത് വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിൽ അംബാസഡർ പറഞ്ഞു.
കുവൈത്തി വീടുകൾ കേന്ദ്രീകരിച്ച് നടന്ന നിരവധി കുറ്റകൃത്യങ്ങളിൽ ഇത്യോപ്യക്കാർ പ്രതികളായതിനെ തുടർന്നാണ് ആ രാജ്യത്തിന് വിസ അനുവദിക്കുന്നത് വർഷങ്ങളായി നിർത്തിയത്. റമദാൻ അടുത്തതോടെ ഗാർഹികത്തൊഴിലാളി മേഖലയിൽ അനുഭവപ്പെട്ട കടുത്ത ക്ഷാമമാണ് ഇത്യോപ്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് പുനരാരംഭിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പാസ്പോർട്ട്- പൗരത്വകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ മാസിൻ അൽ ജർറാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.