യൂറോഫൈറ്റർ യുദ്ധവിമാന കൈമാറ്റം മാറ്റിവെച്ചു
text_fieldsകുവൈത്ത് സിറ്റി: യൂറോഫൈറ്റർ തൈഫൂൺ യുദ്ധവിമാനം ഏറ്റുവാങ്ങുന്നത് കുവൈത്ത് 2023ലേക്ക് മാറ്റിവെച്ചതായി റിപ്പോർട്ട്. ഇറ്റലിയിലെ ലിയണാർഡോ കമ്പനിയിൽനിന്നാണ് യൂറോഫൈറ്റർ വിമാനം വാങ്ങുന്നത്. ആദ്യ ബാച്ചായി രണ്ട് വിമാനം കഴിഞ്ഞ മാസം എത്തിച്ചിരുന്നു. 28 യൂറോഫൈറ്റർ വിമാനങ്ങൾ കുവൈത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട് 2015ലാണ് ധാരണപത്രം ഒപ്പുവെച്ചത്.
800 കോടി യൂറോയുടെ ആയുധയിടപാടാണിത്. ആദ്യ ബാച്ച് 2020 ഡിസംബറിനകം നൽകണമെന്നതായിരുന്നു വ്യവസ്ഥയെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് വൈകുകയായിരുന്നു. വിവിധ ഘട്ടങ്ങളിലായാണ് 28 യുദ്ധ വിമാനങ്ങൾ ഇറ്റലിയിൽനിന്ന് എത്തിക്കുക.
2022 അവസാനത്തോടെ മുഴുവൻ വിമാനവും കൈമാറണമെന്നായിരുന്നു വ്യവസ്ഥ. കോവിഡ് പ്രതിസന്ധി കാരണം ഇത് സാധ്യമല്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു. മുഴുവൻ യൂറോഫൈറ്ററും എത്തുന്നതോടെ രാജ്യത്തിന്റെ വ്യോമശക്തി കൂടുതൽ കരുത്താർജിക്കും. കുവൈത്തി സൈനികർക്ക് യൂറോഫൈറ്റർ വിമാനങ്ങൾ പറത്തുന്നതിനാവശ്യമായ പരിശീലനം അഹ്ദ് അൽ ജാബിർ വ്യോമ അക്കാദമിയിൽ നേരത്തെ നൽകിയിരുന്നു. ഇറ്റാലിയൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെയാണ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.