വായന അസ്തമിക്കുന്നിടത്ത് ഫാഷിസം ഉദിക്കുന്നു -–തോപ്പിൽ മുഹമ്മദ് മീരാൻ
text_fieldsഫഹാഹീൽ: എവിടെ വായന അസ്തമിക്കുന്നുവോ അവിടെ ഫാഷിസം ഉദിക്കുമെന്ന് പ്രശസ്ത തമിഴ് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ തോപ്പിൽ മുഹമ്മദ് മീരാൻ അഭിപ്രായപ്പെട്ടു. ഒമ്പതാമത് രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ സാഹിത്യോത്സവ് സമാപന സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട മുഴുവൻ ഫാഷിസ്റ്റ് ശക്തികളുടെയും പൊതുസ്വഭാവമാണ് പുസ്തകഭയം എന്ന് അദ്ദേഹം ഓർമപ്പെടുത്തി. ഒക്ടോബർ ഒന്നു മുതൽ യൂനിറ്റ് മത്സരങ്ങളോടെ ആരംഭിച്ച സാഹിത്യോത്സവ് നാഷനൽതല മത്സരത്തോടെ സമാപിച്ചു.
67 ഇനങ്ങളിൽ ഏഴുവിഭാഗങ്ങളിലായി, കുവൈത്തിലെ അഞ്ചു സെൻട്രലുകളിൽനിന്ന് മുന്നൂറോളം പ്രതിഭകൾ പങ്കെടുത്തു. 284 പോയൻറുമായി ഫഹാഹീൽ സെൻട്രൽ ഓവറോൾ ചാമ്പ്യന്മാരായി. 270 പോയൻറുമായി ഫർവാനിയ രണ്ടാം സ്ഥാനവും 205 പോയൻറുമായി കുവൈത്ത് സിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തമീം കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമത്തിൽ ഐ.സി.എഫ് കുവൈത്ത് പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി, ടി.വി.എസ് ഗ്രൂപ് ചെയർമാൻ ഡോ. ഹൈദർ, സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിനുമോൻ, സാരഥി കുവൈത്ത് പ്രസിഡൻറ് സജീവ് നാരായണൻ, മലബാർ ഗോൾഡ് സോണൽ ഹെഡ് അഫ്സൽ ഖാൻ, അബ്ദുല്ല വടകര, എൻജിനീയർ അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു. സി.ടി. അബ്ദുൽ ലത്തീഫ് സ്വാഗതവും സാദിഖ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.