മലയാളം മിഷൻ പഠനോത്സവം: മലർ മന്ദഹാസമായ് മലയാള ഭംഗി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി നടത്തിയ മലയാളം മിഷൻ പഠനോത്സവം വ്യത്യസ്തമായ പരീക്ഷാ രീതികൊണ്ടും വിദ്യാർഥി പങ്കാളിത്തംകൊണ്ടും ആവേശമായി. മലയാളം മിഷൻ ‘കണിക്കൊന്ന’ പരീക്ഷയുടെ ഭാഗമായാണ് മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിെൻറ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചത്. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരീക്ഷയിൽ 18 ക്ലാസുകളിലായി 510 വിദ്യാർഥികൾ പങ്കെടുത്തു.
യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ ജെ. സജി സ്വാഗതവും ചാപ്റ്റർ അംഗം തോമസ് കുരുവിള നന്ദിയും പറഞ്ഞു. മലയാളം മിഷൻ പരീക്ഷാ കോഒാഡിനേറ്റർ എം.ടി. ശശി സംസാരിച്ചു. ചാപ്റ്റർ അംഗങ്ങളായ സാം പൈനുംമൂട്, അബ്ദുൽ ഫത്താഹ് തയ്യിൽ, സനൽകുമാർ, സജിത സ്കറിയ, ബഷീർ ബാത്ത, സജീവ് എം. ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കവിതകളും പാട്ടുകളുമായി നടന്ന പഠനോത്സവം കുട്ടികളിലും രക്ഷിതാക്കളും ആവേശത്തോടെ ഏറ്റെടുത്തു.
തുടർന്ന് കുട്ടികൾ പരീക്ഷയെഴുതി. കല കുവൈത്ത്, എസ്.എം.സി.എ, ഫ്രൻഡ്സ് ഓഫ് കണ്ണൂർ എന്നീ മേഖലകളിൽനിന്നുള്ള വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
10 മാർക്ക് വീതമുള്ള ആറ് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഉത്തരങ്ങൾ പാട്ടുകളിലൂടെയും കളികളിലൂടെയും കണ്ടെത്തുന്ന രീതിയാണ് അവലംബിച്ചത്.
40 മാർക്ക് പഠന ക്ലാസുകളിലെ കുട്ടികളുടെ പ്രകടനം മുൻനിർത്തിയാണ് നൽകുക. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നിങ്ങനെ നാല് കോഴ്സുകളാണ് മലയാളം മിഷൻ പാഠ്യപദ്ധതിയുടെ ഭാഗമായുള്ളത്. ഈ കോഴ്സുകൾ പൂർത്തീകരിക്കുമ്പോൾ 10ാം ക്ലാസിന് തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർഥികൾക്ക് എത്തിച്ചേരാൻ സാധിക്കും. എല്ലാ കോഴ്സുകളും സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.