എല്ലാം ഡിജിറ്റലാണ്, എന്നാലും...
text_fieldsകുവൈത്ത് സിറ്റി: പഴയപോലെയല്ല, ലോകം ഡിജിറ്റലാണ്. അതിവേഗ ഇന്റർനെറ്റിന്റെ കാലത്ത് സ്മാർട്ട് ഫോണുകളാണ് ലോകത്തെ ചലിപ്പിക്കുന്നത്. ആശയ കൈമാറ്റത്തിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന മാറ്റം ചില്ലറയല്ല. അകലങ്ങളിലാണെങ്കിലും മനുഷ്യരെ അവ അടുത്തെന്നപോലെ അടുപ്പിച്ചുനിർത്തുന്നു. വർഷങ്ങളായി ആഘോഷങ്ങളുടെ ആശംസ കൈമാറ്റമെല്ലാം മൊബൈൽ വഴിയാണ്. ഈ പെരുന്നാളിലും അതിൽ മാറ്റമുണ്ടായില്ലെന്ന് കുവൈത്ത് ജേണലിസ്റ്റ് സൊസൈറ്റി പബ്ലിക് റിലേഷൻസ് ഡയറക്ടർ ജറാഹ് അൽ ഖസ്സ പറഞ്ഞു.
വൈവിധ്യമാർന്ന ആപ്ലിക്കേഷനുകളും ഡിസൈനുകളും ലഭ്യമാകുന്ന നൂതന മൊബൈൽ ഫോണുകൾ ഈദ് ആശംസകളിൽ വലിയ മാറ്റം വരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നേരത്തേ ടെക്സ്റ്റ് സന്ദേശം മാത്രമായിരുന്നു അയച്ചിരുന്നതെങ്കിൽ ഇത്തവണ അവ പോസ്റ്ററായും വിഡിയോ ക്ലിപ്പുകളായും മാറി. പണം നൽകി ഇത്തരം ഈദ് വിഡിയോ ക്ലിപ്പുകളും ഗ്രീറ്റിങ് കാർഡുകളും രൂപകൽപന ചെയ്യുന്നവരും ഉണ്ട്. യുവജനങ്ങളാണ് ഇതിൽ മുന്നിൽ.
അതേസമയം, ടെക്സ്റ്റുകൾക്ക് പകരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതും ഉള്ളടക്കം അപ്രസക്തമായവയും അവ സ്വീകരിക്കുന്നവരിൽ പ്രയാസം സൃഷ്ടിക്കുന്നതായ വിലയിരുത്തലുകളുമുണ്ട്. ഒരുപാട് പേർ ഇത്തരം സന്ദേശം അയക്കുന്നതിലൂടെ പ്രധാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ വ്യതിചലിക്കുകയും ആശയവിനിമയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി അൽ ഖസ്സ പറഞ്ഞു.
വിവരസാങ്കേതികവിദ്യ ഒരു പുതിയ ഭാഷയുമായി പ്രത്യേക വെർച്വൽ പ്ലാറ്റ്ഫോം സൃഷ്ടിച്ചതായി മനശ്ശാസ്ത്രജ്ഞനായ അഹ്മദ് അൽ റുവൈഹ് ചൂണ്ടിക്കാട്ടി. ഓൺലൈൻ മനുഷ്യരുടെ നേരിട്ടുള്ള കാണൽ, ഇടപെടൽ, ഭാവങ്ങൾ എന്നിവയിലൂടെയുള്ള സമ്പർക്കങ്ങൾ കുറച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇത്തരം വെർച്വൽ കോൺടാക്ടുകൾ വൈകാരിക ശൂന്യത നികത്താൻ ഏകാന്തത അനുഭവിക്കുന്ന ചിലരെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിലുള്ള നിരവധി വ്യക്തികൾ തങ്ങളുടെ ആശയങ്ങളും ചിന്തകളും പങ്കുവെക്കാൻ വെർച്വൽ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതായും അൽ റുവൈഹ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.