അമിത സര്‍വിസ് ചാര്‍ജ്; ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകൾക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിലെ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ കൂടുതല്‍ സര്‍വിസ് ചാർജുകള്‍ ഈടാക്കിയ ഓഫിസുകള്‍ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിരക്കുകൾ നേരത്തെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ഏകദേശം 750 ദീനാറും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 575 ദീനാറുമാണ് സര്‍ക്കാര്‍ നിരക്ക്. ഇത് പലരും ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലും സുതാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗവുമായാണ് നടപടി.
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകള്‍ രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും പാലിക്കണം. അനധികൃതമായി വില വർധിപ്പിച്ചാല്‍ ശക്തമായ നിയമ നടപടികളും പിഴയും ചുമത്തുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് 48 റിക്രൂട്ട്മെന്റ് ഓഫിസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ നാല് ഓഫിസ് ലൈസൻസുകൾ റദ്ദാക്കുകയും അറുപതോളം പുതിയ ലൈസൻസുകൾ നൽകുകയും ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവര്‍ വ്യക്തമാക്കി. ഈ കാലയളവില്‍ റിക്രൂട്ട്മെന്റ് ഓഫിസുകൾക്കെതിരെ 377 പരാതികൾ ലഭിച്ചതായും അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.