കുതിച്ചു കയറി ദീനാർ നിരക്ക്; പണം അയക്കാൻ നല്ല സമയം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയനിരക്ക് വീണ്ടും ഉയർന്നു. മാസങ്ങളായി ദീനാറിന് മികച്ച നിരക്ക് കിട്ടുന്നുണ്ട്. ഇത് ചൊവ്വ, ബുധൻ ഒരു ദീനാറിന് 276ന് മുകളിൽ ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് ഉയർന്നു. അടുത്തിടെ എത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്ത്യൻ രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച നേരിട്ടതോടെയാണ് കുവൈത്ത് ദീനാറിന്റെ കുതിച്ചു കയറ്റം. ഇന്ത്യൻ രൂപക്ക് യു.എസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കഴിഞ്ഞ ദിവസം 84 രൂപ 92 പൈസയിലെത്തിയിരുന്നു.
ആഗോള വിപണിയിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് മൊത്തം ഗള്‍ഫ് കറന്‍സികളിലും പ്രതിഫലിച്ചു. കഴിഞ്ഞ മാസം ഒരു ദീനാറിന് 275 ഇന്ത്യൻ രൂപക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഇത് പിന്നീട് നേരിയ നിലയിൽ താഴ്ന്നെങ്കിലും വീണ്ടും ഉയർന്നു. എക്സി റിപ്പോർട്ടു പ്രകാരം 276.101 ഇന്ത്യൻ രൂപയാണ് ഒരു ദീനാറിന് ബുധനാഴ്ച രാവിലെ രേഖപ്പെടുത്തിയത്. മികച്ച നിരക്ക് രേഖപ്പെടുത്തിയതോടെ നാട്ടിലേക്ക് പണം അയക്കുന്നവരുടെയും തിരക്കേറി.
നിരക്ക് ഉയരുന്നത് ചെറിയ തുകകൾ അയക്കുന്നവരിൽ വരെ മാറ്റം ഉണ്ടാക്കും. വലിയ സംഖ്യകൾ ഒന്നിച്ച് അയക്കുന്നവർക്ക് ഏറെ മെച്ചവുമുണ്ടാക്കും. പ്രവാസികളെ പിടിച്ചു നിർത്താൻ മണി എക്സേഞ്ചുകളും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാട്ടിലെ കനത്ത വിലക്കയറ്റം എത്ര പണം അയച്ചാലും തികയുന്നില്ല എന്നും പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നു.
ഓഹരി വിപണികളിലെ നഷ്ടമാണ് രൂപയുടെ മൂല്യമിടിയുന്നതിനുള്ള പ്രധാന കാരണം. ഉയർന്ന സ്വർണ ഇറക്കുമതിയും ദുർബലമായ കയറ്റുമതിയും കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി റെക്കോഡ് നിലയിലേക്കെത്തിയെന്നുള്ള കണക്കുകള്‍ തിങ്കളാഴ്ച ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇതും രൂപയുടെ മൂല്യമിടിവിന് കാരണമായി. അസംസ്കൃത എണ്ണ വില ഉയരുന്നതും രൂപക്ക് തിരിച്ചടിയാകുന്നുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കു കുറച്ചാൽ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കും.
യു.എ.ഇ ദിർഹം ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് കറന്‍സികളിലും കഴിഞ്ഞ ദിവസം ഉയർച്ചയുണ്ടായി.
ഒരു ദിർഹമിന് 23 രൂപ 13 പൈസയാണ് രേഖപ്പെടുത്തിയത്. ബഹ്റൈന്‍ ദീനാറുമായി 225.23 രൂപയും ഒമാനി റിയാലുമായി 220.59 രൂപയും സൗദി റിയാലുമായി 22.60 രൂപയും ഖത്തരി റിയാലുമായി 23.36 രൂപയുമാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.