നൗവർ ഫെസ്റ്റിവലിന് അടുത്ത ആഴ്ച തുടക്കമാകും
text_fieldsകുവൈത്ത് സിറ്റി: കാർഷിക, ദേശീയ ഉൽപന്നങ്ങളുടെ പ്രദർശനമായ നൗവർ ഫെസ്റ്റിവലിന് അടുത്തയാഴ്ച തുടക്കമാകും. ഇതിനായി മിഷ്റഫ് മേഖലയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ ഹാൾ നമ്പർ (4-എ) അനുവദിച്ചതായി സാമൂഹികകാര്യ, കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രിയും വനിത ശിശുകാര്യ സഹമന്ത്രിയുമായ മായ് അൽ ബാഗ്ലി അറിയിച്ചു. റമദാനിലുടനീളം കാർഷിക, ദേശീയ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടാകും.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അൽ നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് ബന്ധപ്പെട്ട തീരുമാനങ്ങൾ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഫെഡറേഷൻ ഓഫ് കോഓപറേറ്റിവ് സൊസൈറ്റീസ്, ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ട്സ് കമ്പനി എന്നിവയുമായുള്ള ഏകോപനം മേളയിലുണ്ടാകും.
ദേശീയ ഉൽപന്നങ്ങൾക്കുള്ള പിന്തുണക്കും ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഹാളുകൾ അനുവദിച്ചതിൽ അവർ ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ട്സ് കമ്പനിയോട് നന്ദി പറഞ്ഞു. ഉൽപാദകർക്കും ഉപഭോക്താക്കൾക്കും മികച്ച നേട്ടത്തിനും നിലവാരവും വൈവിധ്യവും ഉറപ്പാക്കുന്നതിനും ചൂഷണങ്ങൾ തടയുന്നതിനും മന്ത്രാലയത്തിനുള്ള താൽപര്യവും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.