ഇന്ത്യയുടെ പ്രതാപം വിളിച്ചോതി പ്രദർശനം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയുടെ വൈവിധ്യവും പ്രതാപവും സൗന്ദര്യവും വെളിപ്പെടുത്തി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ' ഫെസ്റ്റിവൽ. ഇന്ത്യൻ എംബസി, നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്ട് ആൻഡ് ലിറ്ററേച്ചറുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തത്താലും വൈവിധ്യമാർന്ന പരിപാടികളാലും ശ്രദ്ധ നേടി.
ദാർ അൽ-അതർ അൽ-ഇസ്ലാമിയ്യ മ്യൂസിയം-യർമൂക്ക് കൾച്ചറൽ സെന്ററിൽ ശനിയാഴ്ച രാവിലെ 11ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ട് തികയാൻ ഇനി 25 വർഷമാണുള്ളത്. ഇപ്പോൾ മുതൽ നാം അത് ആഘോഷിക്കുകയാണ്. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടേതുകൂടിയാണ് ഈ കാലം.
ഇന്നത്തെ സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ ഉത്സവം കുവൈത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 50,000 ഇന്ത്യൻ വിദ്യാർഥികൾക്ക് സമർപ്പിക്കുന്നതായും അംബാസഡർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രണ്ടുവർഷത്തെ പ്രതിസന്ധി നിറഞ്ഞ വിദ്യാർഥി ജീവിതത്തിന് ശേഷം കുട്ടികൾക്ക് പൂർണ തോതിൽ സ്കൂളിൽ നേരിട്ട് അധ്യയനം നടത്താൻ സാഹചര്യം ഒരുങ്ങുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് ഭരണ നേതൃത്വം, നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്, ആൻഡ് ലിറ്ററേച്ചർ അധികൃതർ, ദാർ അൽ-അതർ അൽ-ഇസ്ലാമിയ്യ മ്യൂസിയം അധികൃതർ, ശൈഖ ഹുസ്സ സബാഹ് അൽ സാലിം അസ്സബാഹ്, സ്റ്റാളുകൾ സജ്ജീകരിച്ച ബിസിനസ് സ്ഥാപനങ്ങൾ, കലാകാരന്മാർ, മറ്റു പിന്തുണ നൽകിയവർ എന്നിവർക്കെല്ലാം സിബി ജോർജ് നന്ദി അറിയിച്ചു.
കാഴ്ചവിസ്മയമായി കളരിപ്പയറ്റും യോഗയും
കുവൈത്ത് സിറ്റി: സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ കളരിപ്പയറ്റ് പ്രദർശനവും യോഗ പ്രദർശനവും കാഴ്ചവിസ്മയമായി.
രാവിലെ 11.15 മുതൽ ഉച്ചക്ക് 12 വരെ സെമിനാർ ഹാളിൽ ആയുഷ് ഫെസ്റ്റിവൽ നടത്തി. ഇതിന്റെ ഭാഗമായി അമൃത യോഗ, കുവൈത്ത് യോഗ മീറ്റ്, ആർട് ഓഫ് ലിവിങ്, ഹാർമണി ഹൗസ് എന്നിവയുണ്ടായി.
ഉച്ചക്ക് രണ്ടു മുതൽ രണ്ടര വരെ കളരിപ്പയറ്റ് പ്രദർശനം നടന്നു. വൈകീട്ട് മൂന്നു മുതൽ 3.45 വരെ യോഗ പ്രദർശനം, യോഗ നൃത്തം എന്നിവയുണ്ടായി.
രുചിപ്പെരുമയുടെ ഭക്ഷ്യമേള
കുവൈത്ത് സിറ്റി: സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഭക്ഷ്യമേള ഇന്ത്യൻ രുചിവൈവിധ്യത്തിന്റെ ഗരിമ വിളിച്ചോതി. രാവിലെ 11.15 മുതൽ രാത്രി എട്ടുവരെ ദാർ അൽ-അതർ അൽ-ഇസ്ലാമിയ്യ മ്യൂസിയം- യർമൂക്ക് കൾച്ചറൽ സെന്റർ കോർട്ട്യാഡിലാണ് ഭക്ഷ്യമേളയൊരുക്കിയത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ സന്ദർശകരെ സന്തോഷിപ്പിച്ചു. തക്കാര റസ്റ്റാറൻറ്, നിസാമത്ത് ഹൈദരാബാദ്, രാജധാനി റസ്റ്റാറൻറ്, സീസേഴ്സ് റസ്റ്റാറൻറ് തുടങ്ങിയ സ്ഥാപനങ്ങളുടെ കൗണ്ടറുകൾ ഫുഡ് ഫെസ്റ്റിവലിനെ ധന്യമാക്കി.വൈവിധ്യമാർന്ന ചായ സന്ദർശകർക്ക് രുചിച്ച് നോക്കാൻ അവസരമുണ്ടായിരുന്നു.
വിജ്ഞാനത്തിലേക്ക് വിരൽചൂണ്ടിപുസ്തകമേള
കുവൈത്ത് സിറ്റി: ഇന്ത്യയെ കുറിച്ച് വിവരിക്കുന്നതും വിവിധ വിജ്ഞാന മേഖലകളിലെ ഇന്ത്യൻ പുസ്തകങ്ങളും പുസ്തക മേളയെ ഹൃദ്യമാക്കി. ഇരുന്ന് വായിക്കാൻ വിശാലമായ സൗകര്യമാണ് ഒരുക്കിയിരുന്നത്. കോർട്ട്യാർഡിൽ ഇടമുറിയാതെ പുസ്തക വായനയുണ്ടായി. വിദ്യാർഥികൾ മാറിമാറി ശ്രദ്ധേയമായ പുസ്തകങ്ങളുടെ പ്രധാന ഭാഗങ്ങൾ വായിച്ചു.
ഇന്ത്യൻ ഉൽപന്നങ്ങളുടെ വൈവിധ്യം
കുവൈത്ത് സിറ്റി: ഇന്ത്യൻ ഉൽപന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും പരിചയപ്പെടുത്താൻ ഉതകുന്നതായിരുന്നു 'സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ' ഫെസ്റ്റിവൽ. ഇന്ത്യൻ വസ്ത്രങ്ങൾ, ഭക്ഷണ പദാർഥങ്ങൾ, ആഭരണങ്ങൾ, ആയുർവേദ ഉൽപന്നങ്ങൾ, തേയില, സുഗന്ധവ്യഞ്ജന വസ്തുക്കൾ, ഇന്ത്യൻ ബൈക്കുകൾ, ജല ശുദ്ധീകരണ യന്ത്രം തുടങ്ങിയവ പ്രദർശിപ്പിച്ചു.
കുവൈത്തിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വിപണി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് എംബസി നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ പ്രദർശനവും. വിവിധ വ്യാപാര സ്ഥാപനങ്ങളും ബ്രാൻഡുകളും ഇതിനോട് പൂർണാർഥത്തിൽ സഹകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.