പാർക്കിങ് സമുച്ചയ പദ്ധതി വിപുലീകരിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: നിർദിഷ്ട ബഹുനില കാർ പാർക്കിങ് പദ്ധതി വിപുലീകരിക്കാനുള്ള നിർദേശം മുനിസിപ്പാലിറ്റി അംഗീകരിച്ചു. പദ്ധതിയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കാനായി ധനമന്ത്രാലയം ആണ് പദ്ധതി രൂപരേഖയിൽ ഭേദഗതികൾ നിർദേശിച്ചത്. പാർക്കിങ് സമുച്ചയത്തിൽ വാലറ്റ് സർവിസ് ഏർപ്പെടുത്തുന്നതടക്കം അഞ്ചു നിർദേശങ്ങളാണ് നിബന്ധനകളോടെ പുതുതായി രൂപരേഖയിൽ ഉൾപ്പെടുത്തിയത്. വാലറ്റ് പാർക്കിങ് സേവനം പാർക്കിങ് സ്ഥലത്തിന്‍റെ പത്ത് ശതമാനം കവിയരുതെന്നും കാർ വാഷ് സർവിസ് കെട്ടിടത്തിലെ ഇന്റേണൽ റോഡുകളിൽ മാർഗതടസ്സമുണ്ടാക്കരുതെന്നും മുനിസിപ്പാലിറ്റി നിർദേശിച്ചു. ഓരോ പാർക്കിങ് സമുച്ചയത്തോടനുബന്ധിച്ചും രണ്ടുവീതം വെയർ ഹൗസുകൾക്കും ഇലക്ട്രിക് കാറുകൾക്കായി ആറ് ചാർജിങ് സ്റ്റേഷനുകൾക്കും അംഗീകാരം നൽകി.
പാർക്കിങ്ങിനായി പ്രത്യേക പാസ് അനുവദിക്കണമെന്ന നിർദേശത്തിനും മുനിസിപ്പൽ ഡയറക്ടർ അഹമ്മദ് അൽ മൻഫൂഹി അംഗീകാരം നൽകി. ഗതാഗതക്കുരുക്ക് കുറക്കാനാണ് കുവൈത്ത് മുനിസിപ്പാലിറ്റി സ്മാർട്ട് പാർക്കിങ് കേന്ദ്രങ്ങളൊരുക്കാൻ പദ്ധതി തയാറാക്കിയത്. ആദ്യ ഘട്ടമെന്ന നിലയിൽ ശർഖിൽ ബഹുനില പാർക്കിങ് സമുച്ചയം നിർമിക്കാനാണ് പദ്ധതി തയാറാക്കിയത്. ഇത് വിജയകരമെന്ന് കണ്ടാൽ മറ്റു നഗരങ്ങളിലും നിർമിക്കും. സിറ്റിയിൽ റോഡു വശങ്ങളിലും കടകളുടെയും കെട്ടിടങ്ങളുടെയെല്ലാം മുന്നിൽ വാഹനം നിര്‍ത്തിയിടുന്നത് ഒഴിവാക്കാൻ ബഹുനില പാർക്കിങ് സമുച്ചയത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ കുവൈത്തിൽ വലിയതോതിൽ പാർക്കിങ് പ്രശ്നം നേരിടുന്നുണ്ട്. റിയൽ എസ്റ്റേറ്റ് യൂനിയൻ നടത്തിയ പഠനപ്രകാരം പാർക്കിങ് സ്പേസ് ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 40 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അധികം കണ്ടെത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.