പ്രവാസി വിഷയം പാർലമെന്റിൽ, തീരുമോ സീസണൽ കൊള്ള
text_fieldsകുവൈത്ത് സിറ്റി: വിമാന നിരക്ക് വർധനയും അടിക്കടിയുള്ള റദ്ദാക്കലും പാർലമെന്റിൽ വീണ്ടും ചർച്ച ആയതോടെ പ്രതീക്ഷയിൽ പ്രവാസലോകം. വിമാനകമ്പനികളുടെ അമിത നിരക്ക് കൊള്ളക്കെതിരെ വർഷങ്ങളായി പ്രവാസികൾ പ്രതിഷേധം ഉയർത്തുന്നുണ്ട്.
രാഷ്ട്രീയ നേതൃത്വങ്ങളുടെ ശ്രദ്ധയിൽ ഈകാര്യം തുടർച്ചയായി അവതരിപ്പിക്കാറുമുണ്ട്. എന്നാൽ ടിക്കറ്റ് നിരക്ക് സംബന്ധിച്ച തീരുമാനം പൂർണമായും വിമാന കമ്പനികൾക്ക് വിട്ടുനൽകുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിൽനിന്നുള്ള എം.പിമാർ വിഷയം വീണ്ടും പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഷാഫി പറമ്പിൽ എം.പി വിഷയം ഉന്നയിക്കുകയും പ്രമേയത്തിൽ നടപടിയെടുത്ത് വിമാനക്കമ്പനികളുടെ യോഗം വിളിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർള കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനോട് ആവശ്യപ്പെടുകയും ഉണ്ടായി.
വ്യാഴാഴ്ച ചോദ്യോത്തരവേളയിൽ വിഷയമുന്നയിച്ച ഷാഫി പറമ്പിൽ വെള്ളിയാഴ്ച സ്വകാര്യ പ്രമേയമായും ഇതേ ആവശ്യം ഉന്നയിച്ചപ്പോഴാണ് സ്പീക്കറുടെ ഇടപെടൽ.
സ്പീക്കറുടെ നിർദേശം മാനിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു സഭക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഇതോടെ വിഷയത്തിൽ ഗുണപരമായ തീരുമാനം കാത്തിരിക്കുകയാണ് പ്രവാസലോകം. ഗൾഫ് മേഖലയിലെ വിമാന നിരക്കിലെ അനിയന്ത്രിതമായ വർധന എൻ.കെ പ്രേമചന്ദ്രൻ എം.പിയും ചൂണ്ടിക്കാട്ടുകയുണ്ടായി.
വിമാനം നിരക്ക് നിയന്ത്രിക്കാനും പരിശോധിക്കാനും അർദ്ധ ജുഡീഷ്യൽ സ്വഭാവമുള്ള സംവിധാനത്തിന് രൂപം നൽകണമെന്നും എയർക്രാഫ്റ്റ് നിയമ ഭേദഗതി ചെയ്യണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം, നിരക്ക് നിയന്ത്രിക്കാൻ സർക്കാറിന് സാധിക്കില്ലെന്ന മുൻ നിലപാട് തന്നെ മന്ത്രി റാംമോഹൻ നായിഡു ആവർത്തിച്ചു.
വിമാനനിരക്ക് വിപണിക്ക് അനുസൃതമാണ്. വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന നിരക്ക് നിയന്ത്രിക്കാൻ സർക്കാറിനു കഴിയില്ല. അവധി, സീസൺ, ഇന്ധനവില, വിപണിയിലെ മത്സരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് നിരക്കെന്നും കേരളത്തിൽ നിന്നുള്ള എം.പിമാരുടെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി വിശദീകരിച്ചു. ഇതിനാൽ നിരക്ക് കുറയുമെന്ന് വലിയ പ്രതീക്ഷയില്ലെന്നും പ്രവാസികളിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഓണക്കാലത്തും കേരള എം.പിമാർ വിമാനങ്ങളുടെ സീസണൽ കൊള്ള ലോക്സഭയിൽ ഉന്നയിച്ചിരുന്നു. വിഷയത്തിൽ ഇടപെടാനാകില്ലെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പ് സഹമന്ത്രി ഡോ. വി.കെ. സിങ് അന്ന് സഭയിൽ മറുപടി നൽകിയത്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാന കമ്പനികൾക്കാണെന്ന് സിവിൽ വ്യോമയാന മുൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും കേരള മുഖ്യമന്ത്രി അയച്ച കത്തിന് മറുപടിയായി വ്യക്തമാക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.