പ്രവാസി ക്ഷേമ പെൻഷൻ 5000 രൂപയാക്കണം -കല കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് ഫഹാഹീൽ മേഖല സമ്മേളനം ടി. ശിവദാസമേനോൻ നഗറിൽ (ഡി.പി.എസ് സ്കൂൾ അഹ്മദി) നടന്നു. മേഖല പ്രസിഡന്റ് പ്രസീത് കരുണാകരൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം ടി.വി. ഹിക്മത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സജീവ് എബ്രഹാം പ്രവർത്തന റിപ്പോർട്ടും കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജെ. സജിയും മേഖല സെക്രട്ടറി സജീവ് എബ്രഹാമും ചർച്ചകൾക്കു മറുപടി നൽകി. ഫഹാഹീൽ മേഖല പ്രസിഡന്റായി സജിൻ മുരളിയെയും സെക്രട്ടറിയായി പി.ജി. ജ്യോതിഷിനെയും 15 അംഗ മേഖല എക്സിക്യൂട്ടിവ് അംഗങ്ങളെയും വാർഷിക സമ്മേളന പ്രതിനിധികളായി 81 പേരെയും തിരഞ്ഞെടുത്തു.
പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലക്കും പിന്നാക്ക- ന്യൂനപക്ഷങ്ങൾക്കുമെതിരായ കേന്ദ്ര സർക്കാറിന്റെ നയങ്ങൾ തിരുത്തുക, പ്രവാസി ക്ഷേമ പെൻഷൻ 5000 രൂപയാക്കുക, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. മേഖല എക്സിക്യൂട്ടിവ് അംഗം ദേവി സുഭാഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസീത് കരുണാകരൻ, നോബി ആന്റണി, പ്രജീഷ രഘുനാഥ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ഫഹാഹീൽ മേഖലയിലെ 27 യൂനിറ്റുകളെ പ്രതിനിധാനംചെയ്തും മേഖല കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 161 പ്രതിനിധികൾ പങ്കെടുത്തു. ജയചന്ദ്രൻ കടമ്പാട്ട്, പ്രശാന്തി ബിജോയ്, സിറിൽ ഡൊമിനിക് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും അജിത്, അശ്വിൻ, അനൂപ് പറക്കോട് എന്നിവർ മിനിറ്റ്സ് കമ്മിറ്റിയുടെയും അനീഷ് പൂക്കാട്, ധനീഷ് കുമാർ, വിജയകുമാർ എന്നിവർ പ്രമേയ കമ്മിറ്റിയുടെയും ഷിനാസ്, മണികണ്ഠൻ വട്ടകുളം, ലിപി പ്രസീത് എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. കല കുവൈത്ത് വൈസ് പ്രസിഡന്റ് ശൈമേഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ജിജോ ഡൊമിനിക് സ്വാഗതവും പി.ജി. ജ്യോതിഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.