ഇന്ത്യയിലെ കോവിഡ് വ്യാപനം പ്രവാസികൾക്ക് ആശങ്കയുണ്ടാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയർന്നുതന്നെ നിൽക്കുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക് വരാനിരിക്കുന്ന പ്രവാസികൾക്ക് ആശങ്കയുണ്ടാക്കുന്നു. ആഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് വിദേശികളുടെ പ്രവേശന വിലക്ക് നീക്കുകയാണ്. കോവിഡ് വ്യാപനം കൂടുതലുള്ള ഇന്ത്യയടക്കം രാജ്യങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്നതാണ് ആശങ്ക.
ഒമാൻ, യു.എ.ഇ അടക്കം രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള പ്രവേശന വിലക്ക് തുടരുന്നത് കുവൈത്ത് പ്രവാസികൾക്കും ആശങ്കക്ക് വക നൽകുന്നു. ആഗസ്റ്റ് ഒന്നുമുതൽ ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിച്ചേക്കില്ല എന്ന രീതിയിൽ വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രത്തിൽ റിപ്പോർട്ട് വന്നു.
ഇന്ത്യയിൽ വൻതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിയന്ത്രണം പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ ഹൈ റിസ്ക് രാജ്യങ്ങൾക്ക് നേരിട്ട് പ്രവേശന വിലക്ക് നിലവിലുണ്ടായിരുന്ന ഘട്ടത്തിൽ തുർക്കി, യു.എ.ഇ തുടങ്ങിയവ ഇടത്താവളമാക്കി രണ്ടാഴ്ച അവിടെ ക്വാറൻറീൻ അനുഷ്ഠിച്ചാണ് കുവൈത്തിലേക്ക് വന്നിരുന്നത്. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണിത്.
ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ സ്വന്തം റിസ്കിൽ ടിക്കറ്റ് എടുക്കണമെന്നാണ് ട്രാവൽസുകൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.