പ്രവാസി തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തേക്കുള്ള പ്രവാസി തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു. ജൂൺ ഒന്നു മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പ്രഖ്യാപിച്ചു. ആഭ്യന്തര വിപണിയിലെ തൊഴിലാളി ക്ഷാമവും ചെലവും കുറക്കൽ, മനുഷ്യക്കടത്ത് തടയൽ എന്നിവ ലക്ഷ്യമിട്ടാണ് നടപടി.
അതോറിറ്റിയുടെ അധ്യക്ഷനും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെന്നും ജൂൺ ഒന്നു മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും മാൻപവർ അതോറിറ്റി അറിയിച്ചു. നേരത്തേ പൗരന്മാരുടെയും പ്രവാസികളുടെയും അനുപാതം സന്തുലിതമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട്മെന്റിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കർശന വ്യവസ്ഥകളോടെ മാത്രമായിരുന്നു പ്രവാസി റിക്രൂട്ട് അനുമതി.
എന്നാൽ, രാജ്യത്ത് ആവശ്യമായ തൊഴിലാളികൾ ഇല്ലാത്തതിനാൽ ഈ നിയന്ത്രണങ്ങൾ പ്രാദേശിക വിപണിയിൽ നിന്ന് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് വർധിപ്പിച്ചു. ഇത് പ്രാദേശിക വിപണിയിലെ സേവനങ്ങളുടെ വിലയെ പരോക്ഷമായി ബാധിച്ചതായും അതോറിറ്റി വ്യക്തമാക്കി. ഓരോ തൊഴിലാളിക്കും വർക്ക് പെർമിറ്റിന് ആദ്യതവണ 150 ദീനാർ ഈടാക്കും. പ്രവാസി തൊഴിലാളികള്‍ക്ക്, ജോലി ചെയ്യുന്ന ആദ്യ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ട്രാന്‍സ്ഫറിനും നിബന്ധനകളുണ്ട്.
രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വിസ കടത്ത് തടയാനും തൊഴിൽ ചെലവ് കുറക്കാനും പുതിയ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഗാർഹിക വിപണി, കരാർ-നിർമാണ മേഖലകളിലെ തൊഴിലാളികളുടെ ചെലവ് കുറക്കാനും പുതിയ തീരുമാനം ലക്ഷ്യമിടുന്നു. നിലവിൽ കാവൽ മന്ത്രിസഭയായി പ്രവർത്തിക്കുന്ന ഈ സർക്കാർ വന്നതിനുശേഷം പ്രവാസികൾക്കായി സന്ദർശന വിസ തുറക്കുകയും പ്രവാസികളുടെ കുടുംബങ്ങൾക്ക് ആശ്രിത വിസ പുനരാരംഭിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.