പന്തിൽ പിരിശം തീരാതെ പ്രവാസികൾ; ഇനി പതിവുദിനചര്യകളിലേക്ക്
text_fieldsകുവൈത്ത് സിറ്റി: പന്തിൽ പിരിശംവെച്ച് ആവേശത്തിമിർപ്പിലാടിയ നാളുകളായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങൾ. ജോലിത്തിരക്കിെൻറ വിരസതയകറ്റാനും കോവിഡ് കാലത്തിെൻറ പിരിമുറുക്കത്തിൽനിന്ന് ആശ്വാസമായും വീണുകിട്ടിയ കാൽപന്ത് കളിയുത്സവത്തെ പ്രവാസികൾ വേണ്ടവിധം നെഞ്ചേറ്റി. യൂറോകപ്പും കോപ അമേരിക്കയും ഒരുമിച്ചെത്തിയത് ആവേശം ഇരട്ടിപ്പിച്ചു.
മലയാളി പ്രവാസികൾ കൂടുതലും ബ്രസീൽ, അർജൻറീന ഫാൻസുകാരായതിനാൽ കോപ അമേരിക്ക ടൂർണമെൻറ് നന്നായി ശ്രദ്ധിച്ചു. രണ്ട് ടീമുകളും ഫൈനലിലെത്തിയതോടെ ആവേശം അതിരുകൾ ഭേദിച്ചു. എന്നാൽ, പെരുമക്കൊത്ത പ്രകടനം നടത്താൻ രണ്ട് ടീമുകൾക്കും ഫൈനലിൽ കഴിഞ്ഞില്ല എന്ന നിരാശയാണ് അവലോകന വർത്തമാനങ്ങളിൽ തെളിയുന്നത്.
പാസുകൾ മുറിഞ്ഞും പന്തിന് പകരം എതിരാളിയുടെ കാലിന് തട്ടിയും വിരസതയുടെ ഫൈനലിനായിരുന്നു മാറക്കാന സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഫുട്ബാളിെൻറ മിശിഹ ലയണൽ മെസ്സിക്ക് നീലക്കുപ്പായത്തിൽ ഒരു മേജർ കിരീടമില്ലാത്തതിെൻറ സങ്കടം ഇനിയില്ല. അത് അദ്ദേഹം അർഹിക്കുന്നുവെന്ന് എതിർ ടീമിെൻറ ആരാധകരും സമ്മതിക്കുന്നു. 'അസ്തമയത്തിന് ശേഷം ഉയിർത്തെഴുന്നേൽപ്പ് ഇല്ലെങ്കിൽ അയാളൊരു മിശിഹ അല്ലാതിരിക്കണം' എന്ന വാചകം ഹിറ്റായി.
മൂന്ന് പതിറ്റാണ്ടിെൻറ കിരീട വരൾച്ചക്ക് അന്ത്യമായത് അർജൻറീന ആരാധകർക്ക് തെല്ലൊന്നുമല്ല ഉൗർജമാകുന്നത്. ബ്രസീലിനായി നന്നായി കളിച്ച നെയ്മറിന് ഒടുവിൽ കരഞ്ഞ് കളം വിടാനായിരുന്നു നിയോഗം. കണ്ണീർ കണങ്ങൾ ഉതിർന്നുവീഴവെ ആശ്വാസ സ്പർശവുമായി പ്രിയ ചങ്ങാതി ലിയോ ചേർത്തണച്ചത് കാൽപന്തുകളിയിലെ സുവർണ നിമിഷങ്ങളിലൊന്ന്. അവിടെ മത്സരവും ആവേശവും ഉദാത്തമായ സ്നേഹത്തിനും മാനവികക്കും വഴിമാറുന്നു. ഇൗ സന്ദേശം തന്നെയാണ് പ്രവാസ ലോകത്തെ കളിപ്രേമികളും പങ്കുവെക്കുന്നത്. വീറും വാശിയും നിറഞ്ഞ മത്സര ദിനങ്ങൾക്ക് ശേഷം ഇനിയവർ സൗഹാർദത്തിെൻറ കളത്തിലേക്ക്.
ലോകമാകെ പുൽമൈതാനത്തിലേക്ക് കണ്ണുനട്ട രാവുകളാണ് കഴിഞ്ഞുപോയത്. ഇഷ്ട ടീമിനായി ആർപ്പുവിളിച്ചും വാദിച്ചും പ്രതിരോധിച്ചും മതിമറന്ന ദിവസങ്ങൾ ഇനി മധുരമൂറുന്ന ഒാർമ. കേരളത്തിലേത് പോലെ ഇവിടെയും ബ്രസീലിനും അർജൻറീനക്കും തന്നെയായിരുന്നു ആരാധകരേറെ. വാട്ട്സാപ് ഗ്രൂപ്പുകളിൽ ഫുട്ബാൾ അവലോകനവും ട്രോളുകളും നിറഞ്ഞാടി.
കോപ അമേരിക്കയും യൂറോകപ്പും വിരുന്നെത്തിയപ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി മാത്രം വാട്സാപ് ഗ്രൂപ്പുകൾ സൃഷ്ടിക്കപ്പെട്ടു.
യൂറോകപ്പിൽ പ്രവാസികളിൽ കൂടുതൽ ആരാധകരുണ്ടായിരുന്നത് ജർമനി, ബെൽജിയം, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ ടീമുകൾക്കായിരുന്നു. ഇവരെല്ലാം നേരത്തെ കൂടാരം കയറി. ആരാധകക്കൂട്ടങ്ങൾക്ക് കുറവില്ലാത്ത രണ്ട് ടീമുകൾ തന്നെയായിരുന്നു കലാശപ്പോരിന് യോഗ്യത നേടിയ ഇറ്റലിയും ഇംഗ്ലണ്ടും.
'സ്വന്തം' ടീം തോറ്റപ്പോൾ മറ്റുടീമുകളിലേക്ക് കൂറുമാറിയവരും ഏറെ. കൈയടിച്ചും ആർപ്പുവിളിച്ചും ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിച്ച് യുവാക്കൾക്കൊപ്പം മധ്യവയസ്കരും 'കളിപ്പിരാന്തിൽ' മുഴുകി. മുൻകാലങ്ങളിൽ ശീഷ കടകൾക്ക് മുന്നിലും മറ്റും വലിയ ആൾക്കൂട്ടം ഒന്നിച്ച് കളികണ്ട് ആർപ്പുവിളിച്ചിരുന്നുവെങ്കിൽ കോവിഡ് കാലം ഒത്തുകൂടലിന് ചുവപ്പുകാർഡ് കാണിച്ചിരുന്നു.
താമസ സ്ഥലത്ത് സൗകര്യമുള്ളവർ ഒരുമിച്ചുതന്നെ കളി കണ്ടു. അല്ലാത്തവർ മൊബൈൽ ഫോണുകളിലും ടി.വിയിലും കളി കണ്ട് നുര ചിതറുന്ന ആവേശക്കോപ്പയിൽ രുചി തേടി. ഒറ്റക്ക് ആകുേമ്പാഴും ലോകത്തിന് ഒപ്പം എന്നതായിരുന്നു സ്ഥിതി. മറ്റു കലാ സാംസ്കാരിക പരിപാടികൾ കാര്യമായി നടക്കാത്തത് കളിയാവേശത്തിനൊപ്പം കൂടാൻ ആളുകളെ പ്രേരിപ്പിച്ചു. ഒരു ദിവസ വ്യത്യാസത്തിൽ രണ്ട് ലോകോത്തര ഫുട്ബാൾ ടൂർണമെൻറുകളും സമാപനം കുറിച്ചതോടെ ഇനി വീണ്ടും പഴയ പതിവുദിനചര്യകളിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.