Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെളിച്ചത്തിനപ്പുറം...

വെളിച്ചത്തിനപ്പുറം നിഴലും നിലാവുമുണ്ട്...

text_fields
bookmark_border
വെളിച്ചത്തിനപ്പുറം നിഴലും നിലാവുമുണ്ട്...
cancel
​‘ഒരിക്കൽ പെയ്താൽമതി
ജീവിതം മുഴുവൻ
ചോർന്നൊലിക്കാൻ’

എന്ന് കവി പി.ആർ. രതീഷിന്റെ വരികളുണ്ട്. പ്രണയത്തെ കുറിച്ച കാൽപനികമായ ഭാവവർണനയാണ് ഈ വരികളെങ്കിലും മറ്റു ചിലയിടത്തു കൂടി ഇത് യോജിക്കും. പ്രവാസ ജീവിതവും ഇങ്ങനെയാണ്. ആഴത്തിൽ അറിയുമ്പോഴേ അതിന്റെ ഉൾത്തുടിപ്പുകളറിയൂ. അത് നമ്മെ വന്നുതൊടുന്നതുവരെ നിറംപിടിച്ച കാഴ്ചകളാകും ഉള്ളിൽ നിറയുക. മരുഭൂമിയുടെ പശ്ചാത്തലത്തിൽ വാനംമുട്ടെ ഉയർന്ന കെട്ടിടങ്ങളും ഒട്ടകങ്ങളുമാകും പതിവു കാഴ്ച. നിറമുള്ള വസ്ത്രങ്ങളും അത്തറിൻ മണവും ഫോറിൻ സാധനങ്ങളുമായി വന്നിറങ്ങുന്ന പ്രവാസിയുടെ ചിത്രം കാലങ്ങളായി മാറ്റമില്ലാതെ തുടരുന്നു. നമ്മുടെ പൊതുയിടങ്ങൾ പ്രവാസിയെ ചിത്രീകരിക്കുന്നതും രൂപപ്പെടുത്തിയ കാഴ്ചപ്പാടുകളും ഇങ്ങനെയാണ്.

എന്നാൽ, ഈ നിർമിത ചിത്രങ്ങൾക്കപ്പുറവും എ​ത്രയോ ജീവിതങ്ങളുണ്ട്. പല ഭംഗിയിൽ നിലകൊള്ളുന്ന നിർമിതികൾ കണ്ട് അത്ഭുതം കൂറുന്ന ആരെങ്കിലും പൊരിവെയിലിൽ അവക്കുവേണ്ടി കുറഞ്ഞ വേതനത്തിന് പണിയെടുത്ത തൊഴിലാളികളെ ഓർക്കാറുണ്ടോ? സമ്പന്നതയുടെ നിറം പിടിപ്പിച്ച കഥകൾക്കപ്പുറമുള്ള പ്രവാസ ജീവിതങ്ങളുടെ ചിത്രങ്ങൾ വേണ്ട രൂപത്തിൽ ചർച്ചചെയ്യപ്പെട്ടിട്ടുണ്ടോ​?

ഇതുവരെ കണ്ടതും കേട്ടതുമായ വർണപ്പകിട്ടാർന്ന ജീവിതങ്ങൾക്കപ്പുറം എത്രയോ കഥകൾ ഇനിയും പറയാൻ ബാക്കി കിടക്കുന്നു!

രാത്രി കണ്ട മനുഷ്യൻ

മഴ തോർന്നു വറ്റിയൊരു രാത്രിയായിരുന്നു അന്ന്. പതിവിലേറെ തണുപ്പുണ്ട്. നോമ്പു തുറയും രാത്രിനമസ്കാരവും കഴിഞ്ഞ് പുറത്തിറങ്ങുന്നവരാൽ തെരുവ് സജീവമാണ്. അതിനിടയിൽ തെരുവിൽ നിന്നൊരു വിളിയെത്തി, നിങ്ങൾ മലയാളിയാ...? തണുപ്പിൽ കൈകകൾ നെഞ്ചോടു ചേർത്തുകെട്ടി ഒരു മധ്യവയസ്കൻ. താടിയും മുടിയും നീണ്ടിട്ടുണ്ട്, വസ്ത്രങ്ങൾ മുഷിഞ്ഞിട്ടുണ്ട്. മലയാളിയാണ്, എന്താണ് കാര്യം?

ജോലി എന്തേലും കിട്ടുമോന്നറിയാനായിരുന്നു. ഇപ്പോൾ ജോലിയില്ലേ?

ഉണ്ടായിരുന്നു, അതൊഴിവാക്കി. അതെന്തേ എന്ന എന്റെ സംശയത്തിന് മറുപടി എന്നോണം അയാൾ തലയും കഴുത്തും തടവി.

ചുമടെടുപ്പായിരുന്നു. ഭാരം കൂടിയ ചാക്കുകൾ ചുമന്നുചുമന്ന് തലയും കഴുത്തും വയ്യാതായപ്പോൾ നിർത്തി. നാലു മാസമായി ജോലിയില്ല. നോമ്പായതിനാൽ ഒറ്റ നേരം ഭക്ഷണം മതി എന്നതാണ് ആശ്വാസം. അത് പള്ളിയിൽ നിന്നു കിട്ടും. അതല്ല വിഷമം, പെരുന്നാളിന് മക്കൾക്ക് എന്തെങ്കിലും അയച്ചുകൊടുക്കണ്ടേ. കൈയിൽ ഒറ്റ പൈസയില്ല-അയാൾ തലകുനിച്ചു.

അജ്ഞാതമായ ഈ ദേശത്ത് എന്ത് ചെയ്യാനാകും! ഒരു മറുപടിയും പറയാനാകാതെ ഞാനും തലകുനിച്ചു. നിറയെ ആളുകൾ വന്നു പോകുന്ന ഷോപ്പുകൾക്ക് സമീപമായിരുന്നു അയാളുടെ നിൽപ്. കണ്ണാടിക്കൂട്ടിൽ തിളങ്ങുന്ന വസ്ത്രങ്ങളും കളിക്കോപ്പുകളും ആഭരണങ്ങളും കാണാം. ആരെയെങ്കിലും കണ്ടുമുട്ടുമെന്നും ജോലി ശരിയാകുമെന്നും അയാൾ കരുതിയിരിക്കണം.

പിറ്റേ ദിവസം അവിടെ ആകമാനം നോക്കിയെങ്കിലും ആളെ കണ്ടില്ല. ജോലി ശരിയായിരിക്കുമോ എന്ന സംശയം ഇന്നും പിന്തുടരുന്നു. വെറുമൊരു ജോലിയെ കുറിച്ച ആശങ്ക മാത്രമായിരുന്നില്ല അത്. നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞാൽ പെരുന്നാളായിരുന്നു. നാട്ടിൽ അയാളെ കാത്ത് ചിലർ ഇരിപ്പുണ്ടാകില്ലേ! അയാളുടെ വിളിയും പണവും കാത്ത് പെരുന്നാൾ ആഘോഷത്തിനൊരുങ്ങുന്ന ചിലർ​? ഒരു കുഞ്ഞുടുപ്പിനായി വളയും മാലയും മൈലാഞ്ചിയും വാങ്ങാൻ കാത്തിരിക്കുന്ന ഒരു മകൾ. നിറയെ സ്വപ്നങ്ങളുമായി ഭാര്യ, മാതാപിതാക്കൾ.

മയ്യിത്ത് നമസ്കാരങ്ങളിലെ പേരുകാർ

കുവൈത്തിലെ മലയാള ഖുതുബ നടക്കുന്ന പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരശേഷം മയ്യിത്ത് നമസ്കാരം പതിവാണ്. ആ ആഴ്ചയിൽ മരിച്ചവരുടെ പേരുകൾ പള്ളിവരാന്തയിലെ പുസ്തകത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ എഴുതിവെച്ചിട്ടുണ്ടാകും. നമസ്കാരശേഷം നീളമേറിയ ലിസ്റ്റിലെ പേരുകൾ ഒരാൾ ഒന്നൊന്നായി വായിക്കും. എവിടെയൊക്കയോ ജീവിച്ചു മരിച്ചവർ, ആരുടെയൊക്കെയോ പ്രിയപ്പെട്ടവർ, വർഷങ്ങൾക്കും ദിവസങ്ങൾക്കും മുമ്പ് ഇതേ പള്ളിയിൽ ഒറ്റവരിയിൽ നിന്ന് നമസ്കരിച്ചവരുടെ പേരും കൂട്ടത്തിലുണ്ടാകാം. ചില പേരുകൾ പ്രവാസികളുടെ നാട്ടിലുള്ള രക്ഷിതാക്കളുടെതാകാം, ഇണയാകാം, മക്കളാകാം, സഹോദരങ്ങളാകാം. നമസ്കാരത്തിലെ നേർത്ത മൗനങ്ങൾക്കിടയിൽ വിതുമ്പലിനൊപ്പം കണ്ണീർതുള്ളികളും അപ്പോൾ മുസല്ലയെ നനയിക്കും.

ഗൾഫ് കാണാത്ത ഗൾഫുകാർ ഇതെവിടെയാണ്, കുവൈത്താണോ? ഇങ്ങനെയുള്ള സ്ഥലങ്ങളും ഇവിടെ ഉണ്ടല്ലേ?

വാട്സ്ആപ് സ്റ്റാറ്റസ് കാണുമ്പോഴാക്കെ അവർക്ക് പതിവായി ചോദിക്കാനുള്ളത് ഇതാകും. കൂടെ ഒരുപിടി നൊമ്പരങ്ങൾ കൂടി പങ്കുവെക്കും. ഇവിടെ ഈ ചതുര ജനാലയിൽ കൂടിയുള്ള കാഴ്ചകൾ മാത്രമേയുള്ളൂ. തൊട്ടുമുന്നിൽ റോഡാണ്. അതിനുമപ്പുറം തീപ്പെട്ടി അടുക്കിവെച്ചതുപോലുള്ള ഫ്ലാറ്റുകൾ. കെട്ടിടങ്ങൾക്കുമപ്പുറം എന്താകും? എപ്പോഴും അതോർക്കും. തുറന്ന ആകാശത്തിൽ ഇടക്കിടെ പോകുന്ന വിമാനങ്ങളെ കാണാം. ആദ്യം ഇത്ര വലുപ്പത്തിൽ അവയെ കാണുന്നത് വലിയ കൗതുകമായിരുന്നു. പിന്നെപ്പിന്നെ കാഴ്ചകൾ പഴകി. കൗതുകങ്ങളും ഇല്ലാതായി-മറുതലക്കൽ പതിയെ മൗനം നിറയും.

മൂന്നു വർഷത്തിലേറെയായി പ്രവാസിയാണ് അവർ. എന്നാൽ, ഒരിക്കൽപോലും ജോലി ചെയ്യുന്ന വീട്ടിലെ മുറിക്കുള്ളിൽനിന്ന് പുറത്തേക്കിറങ്ങിയിട്ടില്ല. മരുഭൂമിയുടെ വെയിലും തണുപ്പും അനുഭവിച്ചിട്ടില്ല. കനത്ത ചൂടിലും അകത്ത് തണുപ്പൊളിപ്പിക്കുന്ന, ആകാശം മുട്ടുന്ന കെട്ടിടങ്ങളിൽ കയറിയിട്ടില്ല. തെരുവുകളുടെ സൗന്ദര്യവും തിരകളില്ലാത്ത കടലിന്റെ ശാന്തതയും അനുഭവിച്ചിട്ടില്ല. ഈന്തപ്പന മരത്തെ തലോടിയിട്ടേയില്ല.

മൂന്നു വർഷത്തിനിടെ രണ്ടു തവണ നാട്ടിൽ പോയി വന്നു. അപ്പോഴൊക്കെയും ജോലിസ്ഥലത്തുനിന്നും വിമാനത്താവളത്തിൽ കൊണ്ടുവിടും. തിരിച്ചും അങ്ങനെത്തന്നെ. നാട്ടിലെത്തുമ്പോൾ ഗൾഫിനെക്കുറിച്ചുള്ള മക്കളുടെ ചോദ്യങ്ങൾക്ക് പതിവായി കളവ് മറുപടി പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരമ്മ.

‘പൊതു ദൃശ്യപരത’ ഇല്ലാത്ത ഇങ്ങനെയുള്ള എത്രയോ പേരുടെ കണ്ണീരും മൗന നൊമ്പരങ്ങളും കൂടിക്കലർന്നതാണ് ​പ്രവാസം. ഈ ജീവിതങ്ങൾ പക്ഷേ ഒരിടത്തും രേഖപ്പെടുത്താറില്ല. ഒരു പ്രവാസോത്സവത്തിലും ഇത്തരക്കാർക്ക് പ്രവേശനം ലഭിക്കില്ല. പ്രവാസി സംഘടനകളിൽ പോലും പ്രധാനികളായി ഇവരെ കാണില്ല. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവഹിച്ച് നിശ്ശബ്ദമായി കടന്നുപോകുന്നു. ദൂരങ്ങളിലെ അജ്ഞാതമായ തീരങ്ങളിൽ വെറും മണ്ണിൽ ഒരുനാൾ മറഞ്ഞുപോകുന്നു. അപ്പോഴും ഇവരുടെ വിയർപ്പും നിശ്വാസങ്ങളും വീണ ഇടങ്ങൾ വെള്ളിവെളിച്ചങ്ങൾ വിതറി ഇന്നും നിലകൊള്ളുന്നു. പുതിയ കാൽപാടുകൾ പഴയ കാൽപാടുകളെ മായ്ക്കുന്നു. കഥകൾ അങ്ങനെ തുടർന്നേ പോകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriate's life
News Summary - Expatriate's Life
Next Story