പ്രവാസികൾ മടക്കയാത്ര തുടങ്ങി; ടിക്കറ്റിന് പൊള്ളുംവില
text_fieldsകുവൈത്ത് സിറ്റി: അവധി കഴിഞ്ഞ് കുവൈത്തിൽ സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി, നാട്ടിലേക്ക് തിരിച്ച പ്രവാസികൾ തിരിച്ചുവന്നു തുടങ്ങി. ആഗസ്റ്റ് അവസാന വാരവും സെപ്റ്റംബർ ആദ്യത്തിലുമായി കുവൈത്തിൽ അവധിക്കാലം കഴിഞ്ഞ് സ്കൂളുകൾ തുറക്കും. കുടുംബമായി താമസിക്കുന്നവർ കുവൈത്തിലെ സ്കൂൾ അവധി സമയത്താണ് നാട്ടിലേക്ക് തിരിക്കാറ്. കുവൈത്തിൽ കനത്ത ചൂട് അനുഭവപ്പെടുന്ന മാസങ്ങളിൽ നാട്ടിലെ സുന്ദരമായ അന്തരീക്ഷത്തിലേക്കുള്ള മാറ്റത്തിന്റെ സമയം കൂടിയാണിത്. കുടുംബങ്ങളായി കഴിയുന്നവർക്ക് പുറമെ സ്കൂളുകളിലും അനുബന്ധ മേഖലകളിലും ജോലിയെടുക്കുന്നവരും ഈ സമയം നാട്ടിലേക്ക് തിരിക്കും. ഇവരും കുവൈത്തിലേക്ക് മടങ്ങിയെത്തിതുടങ്ങി. നാട്ടിൽനിന്നുള്ള തിരിച്ചുവരവ് ആരംഭിച്ചതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത് പ്രവാസികൾക്ക് തിരിച്ചടിയായി. മുൻ മാസങ്ങളിലേതിനേക്കാൾ ഇരട്ടിയാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്. എയർ ഇന്ത്യ എക്സ് പ്രസിൽ കുറഞ്ഞ നിരക്ക് നിലവിൽ 130 ദിനാറിലെത്തിയിട്ടുണ്ട്. മറ്റു വിമാനങ്ങളിൽ ഇതിലും കൂടും. നേരത്തേ ഇതിന്റെ പകുതി മാത്രമേ നിരക്കുണ്ടായിരുന്നുള്ളൂ. ടിക്കറ്റ് നിരക്ക് ഇനിയും കൂടാനാണ് സാധ്യതയെന്ന് ട്രാവത്സ് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി.
ചെറിയ വരുമാനത്തിൽ കുടുംബവുമായി കുവൈത്തിൽ കഴിയുന്നവർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഇത് ഉണ്ടാക്കുന്നത്. രണ്ടോ മൂന്നോ കുട്ടികളും രക്ഷിതാക്കളും ഉണ്ടെങ്കിൽ വിമാനയാത്രക്ക് മാത്രം വലിയ തുക ചെലവാകും.
സ്കൂൾ ഫീസ്, മറ്റു അനുബന്ധ കാര്യങ്ങൾ എന്നിവക്കായും രക്ഷിതാക്കൾക്ക് തുക ചെലവഴിക്കേണ്ടി വരുന്ന സമയം കൂടിയാണിത്. അതേസമയം, കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള വിമാനനിരക്കിൽ നിലവിൽ വലിയ കുറവ് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.