ക്വാറൻറീൻ ഒഴിവാക്കിയത് സ്വാഗതം ചെയ്ത് പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: വിദേശത്തുനിന്ന് കേരളത്തിൽ എത്തുന്നവർക്കുള്ള ക്വാറന്റീൻ ഒഴിവാക്കിയുള്ള കേരള സർക്കാർ ഉത്തരവ് സ്വാഗതം ചെയ്ത് പ്രവാസികൾ. വിവേചനം കാണിക്കുന്നുവെന്ന ആക്ഷേപം നിരന്തരം ഉന്നയിച്ചുവരുകയായിരുന്നു പ്രവാസികൾ.
നാട്ടിൽ ഒത്തുകൂടലുകളും പരിപാടികളും യഥേഷ്ടം നടക്കുകയും പ്രവാസികൾക്ക് മാത്രം നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്യുന്നതിലെ പ്രതിഷേധം അവർക്കുണ്ടായിരുന്നു. ഏഴുദിവസം വരെയുള്ള ഹ്രസ്വകാല അവധിക്ക് എത്തുന്നവർക്ക് ക്വാറൻറീൻ വേണ്ട എന്ന കഴിഞ്ഞ ആഴ്ചയിലെ നിർദേശത്തിൽ ആശ്വാസം കണ്ടെത്തിയിരുന്നവർക്ക് പുതിയ നിർദേശം ഏറെ സന്തോഷം നൽകുന്നു.
പുതിയ ഉത്തരവ് അനുസരിച്ച് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമാണ് ക്വാറന്റീൻ നിർബന്ധം.
പൊതുവെ ഒരുമാസമൊക്കെയാണ് പ്രവാസികൾക്ക് വാർഷികാവധി ലഭിക്കാറുള്ളത്. അടുത്ത ബന്ധുക്കളുടെ കല്യാണം, മരണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് ഹ്രസ്വകാല അവധിയെടുത്ത് നാട്ടിലെത്തുന്നവർ അടക്കം ഏഴുദിവസത്തെ ക്വാറൻറീൻ വ്യവസ്ഥയിൽ നിരാശരായിരുന്നു.
ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ മൂന്നാഴ്ച മുമ്പാണ് വിദേശത്ത്നിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. വിദേശത്ത് നിന്ന് എത്തുന്നവർക്കുന്നർക്ക് ക്വാറന്റീൻ നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം സമൂഹ മാധ്യമങ്ങളിൽ ഏറെ പരിഹാസം ഏറ്റുവാങ്ങിയിരുന്നു.
എടപ്പാൾ മേൽപാലം ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പരിപാടിയിൽ സാമൂഹിക അകലമടക്കം ഒരു നിയന്ത്രണവും പാലിക്കാതെ ആയിരങ്ങൾ ഒത്തു കൂടിയതടക്കം നിരവധി ദൃശ്യങ്ങളായിരുന്നു അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
പാർട്ടി സമ്മേളനം അടക്കം നിരവധി പരിപാടികൾ പുറത്ത് നടക്കുമ്പോൾ പ്രവാസികൾ കൂട്ടിലിരിക്കേണ്ട അവസ്ഥയെ പരിഹസിച്ചുള്ള ട്രോളുകളും ഇറങ്ങിയിരുന്നു.
കുവൈത്തിൽ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഒമ്പത് ദിവസം ഒഴിവ് ലഭിക്കുന്നുണ്ട്. കുവൈത്തിലും നിർബന്ധിത ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ കേരള സെക്ടറിലേക്ക് യാത്രക്കാർ കുറഞ്ഞതിനാൽ ടിക്കറ്റ്നിരക്കുകൾ താഴ്ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒമ്പത് ദിന അവധി ഉപയോഗപ്പെടുത്തി നിരവധി പ്രവാസികൾ നാടണയാൻ ഇടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.