ഒക്ടേൻ, ലോ സൾഫർ കയറ്റുമതി; മികവോടെ കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി
text_fieldsകുവൈത്ത് സിറ്റി: യൂറോപ്യൻ വിപണികളിലേക്ക് 95 ഒക്ടേൻ മോട്ടോർ ഇന്ധനവും ലോ സൾഫറും കയറ്റുമതി ചെയ്തതായി കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി അറിയിച്ചു. മികച്ച ഗുണമേന്മയും പ്രവർത്തനക്ഷമതയും കാഴ്ചവെക്കുന്നവയാണ് 95 ഒക്ടേൻ എണ്ണ. കുവൈത്തിൽ നിന്ന് ആദ്യമായാണ് ഇതിന്റെ കയറ്റുമതി.
മിനാ അൽ അഹമ്മദിയിൽനിന്ന് പസഫിക് സാറ എന്ന എണ്ണക്കപ്പലിലാണ് അവ എത്തിച്ചത്. കയറ്റുമതിയുടെ അളവ് 35,000 ടൺ വരുമെന്നും കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി ഇന്ധനവിതരണ പ്രവർത്തനങ്ങളുടെ ഡെപ്യൂട്ടി സി.ഇ.ഒയും കെ.എൻ.പി.സിയുടെ ഔദ്യോഗിക വക്താവുമായ ഗാനിം അൽ ഒതൈബി പറഞ്ഞു. കുവൈത്ത് പെട്രോളിയം കോർപറേഷന്റെ അന്താരാഷ്ട്ര വിപണന മേഖലയുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാണ് കയറ്റുമതി നടത്തിയത്. പ്രാദേശിക വിപണിയുടെ മുഴുവൻ ആവശ്യവും നിറവേറ്റിയതിനുശേഷമാണ് കയറ്റുമതിയെന്നും അൽ ഒതൈബി കൂട്ടിച്ചേർത്തു.
2022 മാർച്ചിൽ ക്ലീൻ ഫ്യുവൽ പ്രോജക്ട് പ്രവർത്തിപ്പിച്ചതിനുശേഷം യൂറോപ്യൻ, അമേരിക്കൻ വിപണികളിൽ അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായ ഉൽപന്നങ്ങൾ വിൽക്കുന്നതിലൂടെ ലാഭകരമായ അധിക സാമ്പത്തിക വരുമാനം നേടാൻ കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിക്ക് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായ ഉൽപന്നങ്ങൾ വിൽക്കുന്നത് കമ്പനിയുടെ ലാഭക്ഷമത വർധിപ്പിക്കുകയും ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നു. പരിസ്ഥിതിസൗഹൃദ എണ്ണ ഉൽപന്നങ്ങളുടെ ആഗോള ആവശ്യം വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.