കുവൈത്തിലെ ഇല്ലാത്ത കമ്പനിയുടെ പേരിൽ നാട്ടിൽ പണംതട്ടൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നാട്ടിൽ പണം തട്ടൽ വ്യാപകം. കുവൈത്ത് സിറ്റിയിലെ എന്‍ജിനീയറിങ് ആന്‍ഡ് കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടെന്ന് കാണിച്ച് ഓൺലൈനിൽ പരസ്യം നൽകിയാണ് തട്ടിപ്പ്.
പരസ്യം കണ്ട് വിളിക്കുന്നവരിൽനിന്ന് 3000 രൂപ രജിസ്ട്രേഷൻ ഫീസ് ഈടാക്കും. ഓഫർ ലെറ്റർ കിട്ടിയാൽ പതിനായിരം രൂപയും തുടർന്ന് മറ്റു ചെലവുകളും നൽകാൻ ആവശ്യപ്പെടും. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ഒരാൾ കുവൈത്തിലെ സുഹൃത്തിനെ വിവരം അറിയിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. ഓഫിസ് അസിസ്റ്റന്റായാണ് ഇയാൾക്ക് എംപ്ലോയ്മെന്റ് ലെറ്റർ ലഭിച്ചത്. എട്ടുമണിക്കൂർ ജോലിയും താമസവും ഭക്ഷണവും അടക്കം 180 ദീനാർ മാസശമ്പളവും ഇതിൽ വ്യക്തമാക്കിയിരുന്നു.
ഇതിൽ സംശയം തോന്നിയ കുവൈത്തിലുള്ള സുഹൃത്ത് സഥലത്ത് പോയി നടത്തിയ അന്വേഷണത്തിൽ ഇത്തരം ഒരു ഓഫിസ് സിറ്റിയിൽ ഇല്ലെന്ന് മനസ്സിലായി. ഇതോടെ ബാക്കി തുക നൽകുന്നതിൽനിന്ന് നാട്ടിലുള്ള ആളെ വിലക്കുകയായിരുന്നു.
സമൂഹമാധ്യമത്തിൽ കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് കുമളിയിലുള്ള വിലാസത്തിലായിരുന്നു പരസ്യമെന്ന് പണം നഷ്ടപ്പെട്ടയാൾ പറഞ്ഞു. അതിലുള്ള നമ്പറിൽ വിളിച്ചപ്പോൾ രജിസ്ട്രേഷൻ ഫീസായി 3000 രൂപ അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ രജിസ്ട്രേഷൻ ഫീസ് നൽകിയ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായാണ് സൂചന.
ഡ്രൈവർക്ക് 240 ദീനാർ ശമ്പളവും താമസവും ഭക്ഷണവും യാത്രസൗകര്യവും സംഘം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, കുവൈത്തിൽ തുടക്കക്കാരന് ഇത്രയൊന്നും ശമ്പളം കിട്ടില്ലെന്ന് അനുഭവസ്ഥർ പറയുന്നു. വ്യാജകമ്പനികളുടെ പേരിലുള്ള വിസയിൽ കുവൈത്തിലെത്തി നിരവധി പേരാണ് അടുത്തിടെ വഞ്ചിതരായത്. വൻ തുക നൽകി വിസ വാങ്ങിച്ച പത്തോളംപേർ പണം നഷ്ടപ്പെട്ടും ജോലി ഇല്ലാതെയും കഴിഞ്ഞയാഴ്ച തിരിച്ചുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.