യുദ്ധസാഹചര്യം ചർച്ചചെയ്യാൻ അസാധാരണ മന്ത്രിസഭ യോഗം; റേഡിയേഷൻ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുടെ മരുന്ന് ഇറക്കുമതി ചെയ്യും
text_fieldsകുവൈത്ത് സിറ്റി: റഷ്യ, യുക്രെയ്ൻ യുദ്ധത്തിന്റെ ഭവിഷ്യത്തുകൾ ചർച്ചചെയ്യാൻ കുവൈത്ത് മന്ത്രിസഭ അസാധാരണ യോഗം ചേർന്നു. യുക്രെയ്നെതിരെ റഷ്യ ആണവായുധം പ്രയോഗിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ മന്ത്രിസഭ ചർച്ചചെയ്തു.
യുക്രെയ്നിലെ റഷ്യൻ അധിനിവേശം അനുദിനം സങ്കീർണമാകുന്ന സാഹചര്യത്തിലാണ് അടിയന്തര മന്ത്രിസഭ യോഗം വിളിച്ചുചേർത്തത്.
റഷ്യ ആണവായുധഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ചർച്ചചെയ്ത മന്ത്രിസഭ റേഡിയേഷൻ മൂലമുണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചു. അടിയന്തര സാഹചര്യത്തിൽ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി വിതരണം ചെയ്യാനാണ് മരുന്നുകൾ കരുതിവെക്കുന്നത്.
യുദ്ധം ചരക്കുനീക്കത്തെ ബാധിക്കുന്ന ഘട്ടത്തിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ വാണിജ്യ മന്ത്രാലയത്തെയും യോഗം ചുമതലപ്പെടുത്തി. ആരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളെയാണ് മുൻകരുതൽ നടപടികൾക്കായി ചുമതലപ്പെടുത്തിയത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ചർച്ചചെയ്യാൻ കുവൈത്ത് പാർലമെൻറും പ്രത്യേക യോഗം ചേർന്നിരുന്നു. കാണികളെയും മാധ്യമപ്രവർത്തകരെയും സഭാഹാളിൽനിന്ന് ഒഴിവാക്കിയ ശേഷമായിരുന്നു യോഗം.
യുദ്ധം മൂലം ഗൾഫ് മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, ആണവ ചോർച്ചയുടെ സാധ്യത എന്നിവ സംബന്ധിച്ച് പാർലമെൻറ് അംഗങ്ങളുമായി ചർച്ചചെയ്യണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് സ്പീക്കർ പ്രത്യേക സെഷൻ വിളിച്ചുചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.