ശൈഖ് അഹ്മദ് ഫഹദ് ഫിഫ ഭാരവാഹിത്വം രാജിവെച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് രാജകുടുംബാംഗവും മുൻ എണ്ണമന്ത്രിയുമായ ശൈഖ് അഹ്മദ് ഫഹദ് അസ്സബാഹ് ഫിഫ നിർവാഹക സമിതി അംഗത്വം രാജിവെച്ചു. കൈക്കൂലിക്കേസിൽ ആരോപണവിധേയനായതിനെ തുടർന്നാണ് ശൈഖ് അഹ്മദ് ഫിഫ അംഗത്വം രാജിവെച്ചത്.
ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഫിഫയുടെയും ഏഷ്യൻ ഫുട്ബാൾ അസോസിയേഷെൻറയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് രാജിയെന്നും ശൈഖ് അഹ്മദ് പ്രസ്താവനയിൽ അറിയിച്ചു. 2011ലെ ഫിഫ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഏഷ്യൻ പ്രതിനിധിക്ക് അനുകൂലമായി വോട്ടുചെയ്യാൻ കോഴവാങ്ങിയതായി ഗുവാം ഫുട്ബാൾ മേധാവി റിച്ചാർഡ് ലായി ബ്രുക്ലിൻ ഇദ്ദേഹത്തിനെതിരെ ഫെഡറൽ കോടതിയിൽ മൊഴി നൽകിയിരുന്നു. കേസിൽ ഏഷ്യൻ ഫുട്ബാൾ ഫെഡറേഷെൻറയും ഏഷ്യൻ ഒളിമ്പിക് കൗൺസിലിെൻറയും നേതൃസ്ഥാനത്തിരിക്കുന്ന ഫിഫ അംഗത്തിന് പങ്കുള്ളതായി കോടതി പരാമർശം ഉണ്ടായ സാഹചര്യത്തിലാണ് മുൻ കുവൈത്ത് പെട്രോളിയം മന്ത്രിയും രാജകുടുംബാംഗവുമായ ശൈഖ് അഹ്മദ് അൽ ഫഹദ് അസ്സബാഹ് ഫിഫ നിർവാഹക സമിതി അംഗത്വം രാജി വെച്ചത്.
റിച്ചാർഡ് ലായി കേസിൽ തനിക്കെതിരെ ഉണ്ടായ ആരോപണം അടിസ്ഥാനരഹിതമാണെന്നും അവിഹിതമായി ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ ശൈഖ് അഹ്മദ് ഏതന്വേഷണവും നേരിടാൻ തയാറാണെന്നും അറിയിച്ചു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷെൻറയും ഫിഫയുടെയും സമ്മേളനങ്ങൾ നടക്കാനിരിക്കെ
റിച്ചാർഡ് ലായി സംഭവത്തിെൻറ പേരിൽ സംഘടനകൾക്കുള്ളിൽ ഭിന്നതകളോ ചേരിതിരിവോ ഉണ്ടാകുന്നത് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഇരു സംഘടനകളുടെയും താൽപര്യം സംരക്ഷിക്കുന്നതിനാണ് താൻ സ്ഥാനമൊഴിയുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ശൈഖ് അഹ്മദിെൻറ തീരുമാനത്തെ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ സ്വാഗതം ചെയ്തു. കടുത്തതെങ്കിലും ധീരമായ തീരുമാനമെടുത്ത ഫഹദ് അസ്സബാഹിന് നന്ദി അറിയിക്കുന്നതായും ഫിഫ പ്രസിഡൻറ് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കായിക വേദികളിലെ കരുത്തുറ്റ അറബ് ശബ്ദമായി അറിയപ്പെടുന്ന ശൈഖ് അഹ്മദ് അൽ ഫഹദ് നിലവിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ അധ്യക്ഷനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിർവാഹക സമിതി അംഗവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.