വ്യാജ അക്കൗണ്ടുകൾ; മുന്നറിയിപ്പ് നൽകി വാണിജ്യ, വ്യവസായ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ മന്ത്രാലയത്തിന്റെ പ്രതിനിധികളായി പ്രത്യക്ഷപ്പെടുകയും ഉപഭോക്താക്കളെ കബളിപ്പിക്കാനും ശ്രമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വെബിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും കുവൈത്ത് മന്ത്രാലയങ്ങളുടെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന തട്ടിപ്പുകാർ വ്യാപകമാണ്.
ഇതു കാരണം പൗരന്മാർക്കും താമസക്കാർക്കുമെതിരായ വഞ്ചനകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം ചൂണ്ടിക്കാട്ടി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് വഞ്ചകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും വ്യാജ സൈറ്റുകളും അക്കൗണ്ടുകളും തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പൗരന്മാരും താമസക്കാരും വ്യാജ അക്കൗണ്ടുകളുമായി സംവദിക്കരുതെന്നും വൺ ടൈം പാസ്വേഡ് (ഒ.ടി.പി), ബാങ്ക് ഡേറ്റ എന്നിവ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അറിയിച്ചു. രാജ്യത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. വ്യാജ സന്ദേശങ്ങൾക്കും ലിങ്കുകൾക്കും പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയവും സിവിൽ ഇൻഫർമേഷൻ അതോറിറ്റിയും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ആളുകളെ കബളിപ്പിക്കാൻ വിവിധ മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് സമാന രൂപത്തിൽ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഘം സജീവമാണ്.
ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നെന്ന രൂപത്തിൽ പൊതുജനങ്ങൾക്ക് വിവിധ നിയമലംഘനങ്ങൾക്ക് പിഴ അടക്കാൻ ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തിയും വ്യാജ ലിങ്കുകൾ അയക്കുന്ന തട്ടിപ്പും അടുത്തിടെ വർധിച്ചിട്ടുണ്ട്. പൊലീസ് വേഷത്തിൽ വാട്സ്ആപ് വിഡിയോ കാൾ വിളിച്ചും അടുത്തിടെ നിരവധി പേരുടെ പണം തട്ടിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.