സഹൽ ആപ്പിലും വ്യാജൻ; മുന്നറിയിപ്പുമായി അധികൃതർ
text_fieldsകുവൈത്ത് സിറ്റി: ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ്പിലും വ്യാജൻ. സഹൽ ആപ്പിന്റെ രൂപത്തിലുള്ള അനധികൃത ലിങ്കുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സഹൽ ആപ് വക്താവ് യൂസഫ് കാസിം അഭ്യർഥിച്ചു. ഈ ലിങ്കുകൾ വഞ്ചനക്കും തട്ടിപ്പിനും ഉപയോഗിക്കുന്നതായും മുന്നറിയിപ്പ് നൽകി. സ്വദേശികളോടും പ്രവാസികളോടും ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും ഉണർത്തി.
സംശയാസ്പദമായ വെബ്സൈറ്റുകളുമായും സഹൽ ആപ്ലിക്കേഷനായി ആൾമാറാട്ടം നടത്തുന്ന ലിങ്കുകളുമായും ഇടപഴകുന്നത് ഒഴിവാക്കണം. ചില വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇത്തരം ലിങ്കുകൾ പ്രചരിക്കുന്നുണ്ട് ഇത് ഉപയോക്താക്കൾ തിരിച്ചറിയണം. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും യൂസഫ് കാസിം ചൂണ്ടിക്കാട്ടി.
സഹൽ ആപ്ലിക്കേഷൻ സ്മാർട്ട്ഫോണുകൾക്കായുള്ള ആപ് സ്റ്റോറുകൾ വഴി മാത്രമേ ആക്സസ് ചെയ്യാനാകൂ. ഏതെങ്കിലും ബാഹ്യ ലിങ്കുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ ലഭ്യമല്ലെന്നും കാസിം വ്യക്തമാക്കി. സുരക്ഷിതവുമായ ആശയവിനിമയത്തിനായി ആപ്പിന്റെ ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുകാട്ടി.
നേരത്തെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി (പാസി)യുടെ വെബ്സൈറ്റെന്ന രൂപത്തിലും തട്ടിപ്പുകാർ വ്യാജലിങ്കുകൾ പ്രചരിപ്പിച്ചിരുന്നു. ഇത്തരം സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്ന് അധികൃതര് മുന്നറിയിപ്പ് നൽകിയിരുന്നു.
വിവിധ മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് സമാന രൂപത്തിൽ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് ആഭ്യന്തരമന്ത്രാലയവും മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.