ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പേരിൽ വ്യാജൻ; വൻ ശേഖരം കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ റെയ്ഡിൽ പ്രമുഖ ആഗോള ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഫർവാനിയയിലെ ഒരു ബേസ്മെന്റിൽ നിന്നാണ് ഇവ കണ്ടെടുത്തത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഉൽപന്നങ്ങൾ വിറ്റഴിച്ചിരുന്നത് എന്നാണ് സൂചന. ആഗോള ബ്രാൻഡുകളുടെ പേരിലുള്ള ബാഗുകൾ, വസ്ത്രങ്ങൾ, ഷൂകൾ തുടങ്ങി 6,23,000 വിവിധയിനം സാധനങ്ങളാണ് പിടിച്ചെടുത്തത്. ഇവക്ക് 10 ലക്ഷത്തിലധികം കുവൈത്ത് ദിനാർ വിലമതിക്കുന്നതായി കണക്കാക്കുന്നു. വാണിജ്യ വ്യവസായ മന്ത്രാലയം കൊമേഴ്സ്യൽ കൺട്രോൾ, ഇൻസ്പെക്ഷൻ ടീമുകളാണ് റെയ്ഡ് നടത്തിയത്.
സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയുള്ള ഈ ഉൽപ്പന്നങ്ങളുടെ വിൽപനയിൽ വാണിജ്യ നിയന്ത്രണ സംഘങ്ങൾക്ക് തോന്നിയ സംശയമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ആഗോള ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ നൽകുന്നത് നിരീക്ഷിച്ച അധികൃതർ ചരക്കുകളുടെ ഉറവിടം അന്വേഷിക്കുകയും വ്യാജ ഉൽപന്നങ്ങളുടെ ഉറവിടം കണ്ടെത്തുകയുമായിരുന്നു.
പരിശോധന സംഘങ്ങളുടെ ശ്രമങ്ങളെയും വിപണിയെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയെയും വാണിജ്യ വ്യവസായ മന്ത്രി ഒമർ അൽ ഒമർ പ്രശംസിച്ചു. വാണിജ്യ ലംഘനങ്ങളും വഞ്ചനയും ചെറുക്കുന്നതിൽ ജാഗ്രത പുലർത്തിയതിന് മന്ത്രാലയ ഉദ്യോഗസ്ഥരോട് മന്ത്രി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.