പ്രവാസികൾക്ക് കുടുംബവിസ പുനരാരംഭിക്കണം -മുൻ ആരോഗ്യ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളെ അവരുടെ കുടുംബങ്ങളെ കുവൈത്തിലേക്ക് കൊണ്ടുവരാൻ അനുവദിക്കാത്തത് ബാച്ചിലർമാരുടെ എണ്ണം വർധിപ്പിക്കുകയും വിപണി മാന്ദ്യത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമായെന്നും മുൻ ആരോഗ്യമന്ത്രി ഡോ.മുഹമ്മദ് അൽഹൈഫി. കുടുംബത്തെ അവരോടൊപ്പം കൊണ്ടുവരാൻ കഴിയുന്നില്ലെങ്കിൽ വിദേശത്ത് നിന്ന് ഒരാളെ ഞങ്ങൾ എങ്ങനെ റിക്രൂട്ട് ചെയ്യും. രാജ്യത്തെ വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള ഏതൊരു സംഭാഷണവും ആരംഭിക്കുന്നത് കുടുംബവിസയെ കുറിച്ച ചർച്ചയിൽ നിന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് ഇത് നന്നായി മനസ്സിലാക്കുന്നുവെന്നും, കുടുംബവിസ തുറക്കുന്നതാണ് സമൂഹത്തിൽ ബാച്ചിലർമാരുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്നും ഹൈഫി പറഞ്ഞു.
കുവൈത്തിൽ 2022 ജൂണിലാണ് കുടുംബവിസ അനുവദിക്കുന്നത് പൂർണമായും നിര്ത്തിവെച്ചത്. വൈകാതെ സന്ദർശന വിസയും നിർത്തിവെച്ചു. കൊമേർഷ്യൽ സന്ദർശന വിസ മാത്രമാണ് നിലവിൽ അനുവദിക്കുന്നത്. വിസ പുനരാരംഭിക്കാത്തത് പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾകൊള്ളുന്ന പുതിയ താമസ നിയമത്തിന് സർക്കാർ അന്തിമ രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ കരട് ചർച്ചചെയ്യുന്നതിനായി ഡിസംബറിൽ ചേരുന്ന ദേശീയ അസംബ്ലിയിൽ ലിസ്റ്റു ചെയ്തിരുന്നു.
എന്നാൽ, മുൻ അമീറിന്റെ മരണവും പുതിയ അമീറിന്റെ സത്യപ്രതിജ്ഞയും സർക്കാറിന്റെ രാജിയും പുതിയ സർക്കാർ രൂപവത്കരണവും തുടങ്ങിയവ കാരണം അസംബ്ലിയിൽ അവതരിപ്പിക്കാനായിട്ടില്ല. ഫെബ്രുവരി ആറ്, എഴ് തീയതികളിൽ നടക്കുന്ന ദേശീയ അസംബ്ലി സമ്മേളനത്തിൽ ഇത് പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.