കുടുംബ സന്ദർശന വിസ: കുവൈത്ത് ദേശീയ വിമാന കമ്പനികളെ ഉപയോഗപ്പെടുത്തണം
text_fieldsകുവൈത്ത് സിറ്റി: കുടുംബസന്ദർശക വിസയിൽ കുടുംബത്തെ കുവൈത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കുക. എൻട്രി വിസ കൈവശമുള്ള യാത്രക്കാരുടെ വരവിനും പോക്കിനും കുവൈത്ത് ദേശീയ വിമാന കമ്പനികളെ ഉപയോഗപ്പെടുത്തണം. കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവയാണ് ഇത്തരം യാത്രക്കാർ ഉപയോഗപ്പെടുത്തേണ്ടത്.
കുടുംബ സന്ദർശന പ്രവേശന വിസയുള്ള വ്യക്തികളെ മറ്റേതെങ്കിലും എയർലൈനിലേക്ക് കയറാൻ അനുവദിക്കില്ലെന്ന് സിവിൽ ഏവിയേഷൻ അധികൃതരെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.
കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവ ഒഴികെയുള്ള എയർലൈനുകളിൽ എത്തുന്ന യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുമെന്നും ലംഘിക്കുന്ന എയർലൈനിന്റെ ചെലവിൽ ഉടൻതന്നെ അവരെ തിരിച്ചയക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് സിവിൽ ഏവിയേഷന് ഇതുസംബന്ധിച്ച് നിർദേശം ലഭിച്ചിട്ടുണ്ട്. കുവൈത്തിലേക്കുള്ള കുടുംബ സന്ദർശന വിസയുള്ളവർക്കുള്ള ആഗമന, പുറപ്പെടൽ നടപടിക്രമങ്ങൾ സംബന്ധിച്ച പ്രോട്ടോക്കോളുകൾ ഇതിൽ വിവരിക്കുന്നു. വിസക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകളിൽ കുവൈത്ത് ദേശീയ വിമാന കമ്പനികളുടെ റിട്ടേൺ ടിക്കറ്റ് ഉൾപ്പെടുത്തണമെന്ന നിർദേശം നേരത്തേ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിമാനയാത്ര നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും വിസ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
കോഴിക്കോട്, കണ്ണൂർ യാത്രക്കാർക്ക് തിരിച്ചടി
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ എത്തുന്നവർ കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവ ഉപയോഗപ്പെടുത്തണമെന്ന നിർദേശം ഉത്തര കേരളത്തിലുള്ളവർക്ക് തിരിച്ചടിയായി. നിലവിൽ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് കുവൈത്തിൽ ഈ വിമാനങ്ങളുടെ സർവിസില്ല. കോഴിക്കോട്ടേക്ക് ആഴ്ചയിൽ അഞ്ചു ദിവസവും കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ടു ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവിസ് നടത്തുന്നത്.
ഇതോടെ ഈ രണ്ടു വിമാനത്താവളങ്ങളെയും ആശ്രയിക്കുന്നവർ കുടുംബ സന്ദർശന വിസയിൽ കുവൈത്തിലെത്താൻ കൊച്ചിയിൽ പോകേണ്ടിവരും. fമാതാപിതാക്കൾ, ഭാര്യ, മക്കൾ എന്നിവരെയാണ് കുടുംബ സന്ദർശന വിസയിൽ കൊണ്ടുവരാനാകുക.
ദീർഘദൂരം യാത്രചെയ്തു കൊച്ചിയിൽ എത്തുന്നത് വലിയ പ്രയാസം സൃഷ്ടിക്കും. മലബാറിലെ പ്രവാസികളുടെ പ്രയാസം കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂർ വിമാനത്താവളത്തിൽ കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവയുടെ സർവിസ് ആഭംഭിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.