പുണ്യദിനങ്ങൾക്ക് വിട; ഇന്ന് പെരുന്നാൾ
text_fieldsകുവൈത്ത് സിറ്റി: വ്രതവിശുദ്ധിയുടെ പകലിരവുകൾക്ക് വിട നൽകി വിശ്വാസികൾ ഈദുൽ ഫിത്റിന്‍റെ സന്തോഷത്തിലേക്ക്. പകൽ മുഴുവൻ നീളുന്ന വ്രതാനുഷ്ഠാനവും രാവ് പകലാക്കുന്ന രാത്രി നമസ്കാരവും ഖുർആൻ പാരായണവും നൽകിയ ആത്മീയബലത്തിന്‍റെ കരുത്തിൽ രാജ്യത്തെ ആബാലവൃന്ദം വിശ്വാസികൾ തിങ്കളാഴ്ച പെരുന്നാൾ ആഘോഷിക്കുന്നു. ശനിയാഴ്ച മാസപ്പിറ കാണാത്തതിനെ തുടർന്നാണ് റമദാൻ 30 തികഞ്ഞ് തിങ്കളാഴ്ച പെരുന്നാൾ ആകുമെന്ന് ശറഇ അതോറിറ്റി പ്രഖ്യാപിച്ചത്. 1500ലേറെ പള്ളികളിൽ പെരുന്നാൾ നമസ്കാരം നടക്കും. പുലർച്ച 5.21നാണ് പെരുന്നാൾ നമസ്കാരം.
46 ഇടങ്ങളിൽ ഈദ്ഗാഹുകൾക്ക് ഔഖാഫ് മന്ത്രാലയം ഒരുക്കം നടത്തിയിട്ടുണ്ട്. കാപ്പിറ്റൽ ഗവർണറേറ്റിൽ 15 ഇടങ്ങളിലും ജഹ്റയിൽ ആറ് ഇടങ്ങളിലും ഹവല്ലിയിൽ നാലിടത്തും ഫർവാനിയയിൽ എട്ട് കേന്ദ്രങ്ങളിലും അഹ്മദിയിൽ പത്ത് സ്ഥലത്തും മുബാറക് അൽ കബീറിൽ മൂന്നിടത്തും ഈദ്ഗാഹുകൾ ഉണ്ടാകും. സ്റ്റേഡിയങ്ങളിലും യൂത്ത് സെന്ററുകളിലുമാണ് ഈദ്ഗാഹ് സജ്ജീകരിക്കുന്നത്. കഴിഞ്ഞ വർഷം 30 കേന്ദ്രങ്ങളിലാണ് ഈദ്ഗാഹ് നടത്തിയത്.
കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയതോടെ ഈദ്ഗാഹുകളിൽ വലിയ തോതിലുള്ള ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരമുണ്ടാവും. പള്ളികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഫിത്ർ സകാത്ത് ശേഖരണവും സജീവമായിരുന്നു. പ്രാദേശികമായുള്ള ഫിത്ർ സകാത്ത് വിതരണത്തിനു പുറമെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഷ്ടതയനുഭവിക്കുന്ന വിശ്വാസികൾക്ക് ഇതിന്‍റെ വിഹിതം എത്തിക്കാനുള്ള ഏർപ്പാടുകളും വിവിധ സംഘങ്ങൾ ചെയ്തിട്ടുണ്ട്. പെരുന്നാൾ ദിനത്തിലും പിറ്റേന്നുമൊക്കെയായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈദ് സംഗമങ്ങളും കൂട്ടായ്മകളും അരങ്ങേറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.