പാർക്കിങ്ങിന് സ്ഥലമില്ലെന്ന പരാതിയുമായി ഫർവാനിയക്കാർ
text_fieldsകുവൈത്ത് സിറ്റി: കാർ പാർക്കിങ്ങിന് സ്ഥലമില്ലെന്ന പരാതിയുമായി ഫർവാനിയക്കാർ. കടകളുടെയും കെട്ടിടങ്ങളുടെയും സമീപത്തെ തുറന്ന സ്ഥലങ്ങളിൽ വലിയ ട്രക്കുകൾ നിർത്തിയിടുന്നതുകൊണ്ട് കാർ നിർത്താൻ സ്ഥലമില്ലെന്ന പരാതിയുമായി പ്രദേശവാസികൾ അധികൃതരെ സമീപിച്ചു. ട്രക്കുകൾ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. നേരത്തേ വാഹനങ്ങൾ നിർത്തിയിട്ടിരുന്ന മൈതാനങ്ങൾ പലതും അധികൃതർ ചുറ്റും മൺകൂനയുണ്ടാക്കി പ്രവേശനം തടഞ്ഞിട്ടുണ്ട്.
തുറന്ന സ്ഥലത്ത് നിർത്തിയിട്ട വാഹനങ്ങൾ മറയാക്കി മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നുവെന്ന നിരീക്ഷണത്തെ തുടർന്നാണ് അധികൃതർ ഇത്തരമൊരു നടപടിക്ക് മുതിർന്നത്. മൈതാനങ്ങൾ ലഭ്യമല്ലാതായതോടെ റോഡരികിൽ നിർത്തിയിടേണ്ട അവസ്ഥയിലാണ് വാഹന ഉടമകൾ. ഇത്തരത്തിൽ നിർത്തിയ വാഹനങ്ങളിൽ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നോട്ടീസ് പതിക്കുന്നതായും ആക്ഷേപമുണ്ട്. മൂന്നുദിവസത്തെ നോട്ടീസ് നൽകി വാഹനത്തിൽ സ്റ്റിക്കർ പതിക്കുകയും നിശ്ചിത സമയപരിധിക്കുശേഷവും എടുത്തുമാറ്റിയില്ലെങ്കിൽ മുനിസിപ്പാലിറ്റി ഗാരേജിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. അതേസമയം, നിർത്തിയിടാൻ സ്ഥലമില്ലാതെ ട്രക്കുകളും ബുദ്ധിമുട്ടുന്നു.
നേരത്തേ ട്രക്കുകൾ നിർത്തിയിട്ടിരുന്ന പല മൈതാനങ്ങളും അധികൃതർ പ്രവേശനം തടഞ്ഞ് മൺകൂനയുണ്ടാക്കി.
വരുംദിവസങ്ങളിൽ പാർക്കിങ് പ്രശ്നം വലിയ തോതിൽ ചർച്ചയാകും. എം.പിമാരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പാർക്കിങ് സൗകര്യമൊരുക്കാൻ പ്രത്യേക കമ്പനി രൂപവത്കരിക്കണമെന്ന എം.പിമാരുടെ കരടുനിർദേശം പാർലമെൻറ് സമിതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.