ഫാഷിസത്തെ നേരിടേണ്ടത് ജനാധിപത്യ മാർഗത്തിലൂടെ- ഡോ. ഹുസൈൻ മടവൂർ
text_fieldsകുവൈത്ത് സിറ്റി: മതത്തിന്റെ പേരിൽ കൊലവിളിയുമായി തെരുവിലിറങ്ങുന്നതും സായുധകലാപങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതും മതവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ. 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ ഡിസംബറിൽ നടക്കുന്ന പത്താമത് സംസ്ഥാന മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണാർഥം കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ വർഗീയതക്ക് പരിഹാരം ന്യൂനപക്ഷ വർഗീയതയല്ല. ഭീകരതക്ക് മതവും ജാതിയും രാഷ്ട്രീയവുമില്ല. ഫാഷിസത്തെ നേരിടേണ്ടത് മതേതര വിശ്വാസികൾ ഒന്നിച്ച് ജനാധിപത്യ മാർഗത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
ഫർവാനിയ മെട്രോ മെഡിക്കൽ ഗ്രൂപ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ സംഘടനകളെ പ്രതിനിധാനം എം.കെ. റസാഖ് (കെ.എം.സി.സി. ജനറൽ സെക്രട്ടറി) കെ.സി. റഫീക്ക് (കെ.കെ.എം.എ. ജനറൽ സെക്രട്ടറി), പി.ടി. ശരീഫ് (കെ.ഐ.ജി. പ്രസിഡന്റ്), റാഫി നന്തി (എം.ഇ.എസ് പ്രസിഡന്റ്), മുഹമ്മദ് ഷബീർ (ഫ്രൈഡേ ഫോറം പ്രസിഡന്റ്), എൻജിനീയർ അഫ്സൽ (സിജി), ബഷീർ ബാത്ത എന്നിവർ സംസാരിച്ചു.
രാജ്യത്തിന്റെ അഖണ്ഡത, ജനാധിപത്യത്തിന്റെ നിലനിൽപ്, മതേതരത്വം കാത്തുസൂക്ഷിക്കൽ തുടങ്ങിയ മർമപ്രധാനമായ വിഷയങ്ങളിൽ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾക്കൊപ്പം മുസ്ലിം സംഘടനകളും ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നു വിവിധ സംഘടന നേതാക്കൾ വീക്ഷിച്ചു. അയൂബ് കേച്ചേരി (റീജനൽ ഡയറക്ടർ ഗ്രാൻഡ് ഹൈപ്പർ), ഹംസ പയ്യന്നൂർ (മെട്രോ ഗ്രൂപ് ചെയർമാൻ) എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
ഷറഫുദീൻ കണ്ണേത്ത്, ഷബീർ മണ്ടോളി, ഫസീഉല്ലാഹ് (സിജി) എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗതം പറഞ്ഞു. സെന്റർ ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് അധ്യക്ഷത വഹിച്ചു. മീഡിയ സെക്രട്ടറി മുഹമ്മദ് ഹുസൈൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.