നോമ്പുകാലവും മരുന്നും
text_fieldsനോമ്പുകാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പംതന്നെ ആരോഗ്യ കാര്യങ്ങളിലും അതിജാഗ്രത പുലര്‍ത്തണം. ചെറിയ കുട്ടികളൊഴികെ പ്രായഭേദമില്ലാതെ നോമ്പനുഷ്ഠിക്കുന്നവരാണ് ഇസ്ലാമിലെ ബഹുഭൂരിപക്ഷം പേരും. രോഗികൾ നോമ്പനുഷ്ഠിക്കുന്നതിൽ ഇളവുണ്ടെങ്കിലും അധികം പേരും നോമ്പ് ഒഴിവാക്കാറില്ല. രോഗികളും, പ്രായമായവരിൽ കൂടുതൽപേരും നിത്യേന മരുന്നു കഴിക്കുന്നവരാകാം. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ എന്നിവയുള്ളവരും ഹൃദ്രോഗികളും ദീർഘകാലവും സ്ഥിരവുമായി മരുന്നുകഴിക്കേണ്ടിവരും. ഇത്തരം രോഗമുള്ളവർ നോമ്പുകാലത്ത് മരുന്നുകൾ നിർത്തുകയോ ക്രമംതെറ്റിക്കുകയോ ചെയ്യരുത്. അസുഖബാധിതരും സഥിരമായി മരുന്നുകള്‍ കഴിക്കുന്നവരും ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്.
നോമ്പുസമയത്ത് ഭക്ഷണം കഴിക്കാത്തതും മരുന്നിന്റെ അഭാവവും മൂലം പ്രമേഹം പോലുള്ള അസുഖമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനുള്ള സാധ്യതയുണ്ട്. ഇത്തരക്കാർ ഇടക്ക് ഷുഗർ പരിശോധിക്കുന്നത് നല്ലതാണ്. മരുന്നിന്റെ സമയക്രമം മാറ്റി ഇവർക്ക് നോമ്പെടുക്കാം. എന്നാൽ, ഏതുതരം പ്രമേഹമാണ്, ഏതുരീതിയിലുള്ള മരുന്നാണ് കഴിക്കുന്നത് എന്നൊക്കെ വിലയിരുത്തിയ ശേഷമേ മരുന്ന് ക്രമപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ ഡോക്ടറെക്കണ്ട് അഭിപ്രായം സ്വീകരിക്കേണ്ടതാണ്. പ്രമേഹ രോഗികളും ഹൃദ്രോഗികളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം.
വലിയ പ്രയാസമില്ലാത്തവർക്ക് മരുന്നുകള്‍ ഉപയോഗിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തിയശേഷം നോമ്പെടുക്കാമെന്നാണ് ഡോക്ടർമാർ നിർദേശിക്കാറ്. ഇത്തരക്കാർക്ക് നോമ്പ് തുടങ്ങുംമുമ്പും തുറന്നശേഷവും മരുന്നുകഴിക്കാം. ഉച്ച സമയത്തെ മരുന്ന് ഡോക്ടറോട് ചോദിച്ച ശേഷം മറ്റൊരു സമയത്തേക്ക് മാറ്റാം.
എന്നാൽ, എല്ലാവരിലും ഇത് സാധ്യമായെന്നുവരില്ല. രോഗിയുടെ അവസ്ഥ, രോഗത്തിന്റെ അവസ്ഥ, മരുന്നുകളുടെ ഫലപ്രാപ്തി എന്നിവയെല്ലാം കണക്കിലെടുത്താണ് മരുന്നുകൾ ക്രമീകരിക്കുക. അതിനാൽ സ്വയം തീരുമാനത്തിലെത്താനും മരുന്നുകൾ ഇഷ്ടപ്രകാരം കഴിക്കാനും ആരും മുതിരരുത്. നോമ്പുകാലം കഴിഞ്ഞശേഷം ഡോക്ടറെക്കണ്ട് മരുന്നുകൾ പഴയ രൂപത്തിലേക്ക് മാറ്റാം. കൊളസ്ട്രോൾ, ഷുഗർ എന്നിവയിൽ നോമ്പുകാലം വലിയ മാറ്റം വരുത്തുന്നതിനാൽ നോമ്പ് കഴിയുന്നതോടെ ഇവ പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രം മരുന്നുകൾ തുടർന്നാൽ മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.