നോമ്പും യോഗയും
text_fieldsപ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒരു ജീവിതചര്യയാണ് യോഗ. വ്യായാമം, മെഡിറ്റേഷൻ എന്നിവയുടെ എല്ലാം വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന യോഗ, നോമ്പുകാലത്ത് ഏതൊരാൾക്കും പ്രയാസരഹിതമായി ചെയ്യാൻ കഴിയും.
വ്രതാനുഷ്ഠാനത്തോടൊപ്പം യോഗ ചെയ്യുന്നത് ശരീരത്തിന്റെ ഊർജനില വർധിപ്പിക്കാൻ സഹായിക്കും. ഇതിലൂടെ ആരാധന, പഠനം എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകാനും സാധിക്കും. യോഗയിലെ ഭസ്ത്രിക, ഭ്രമരി തുടങ്ങിയ പ്രാണായാമങ്ങൾ ശരീരത്തിന് കരുത്തും മനസ്സിന് ഉണർവും ലഭിക്കാൻ ഏറ്റവും ഫലപ്രദമായവയാണ്. വേനൽക്കാലത്ത് വ്രതമെടുക്കുന്നതോടൊപ്പം യോഗയിലെ ശീതളി, ചന്ദ്രഭേദന പോലുള്ള പ്രാണായാമങ്ങൾ ഉൾപ്പെടുത്തിയാൽ ശരീരത്തെ തണുപ്പിച്ച് കടുത്ത ക്ഷീണത്തിൽനിന്ന് മോചനം നേടാനും കഴിയും. വൃക്ഷാസനം പോലുള്ള ആസനങ്ങൾ മനസ്സിന് ഏകാഗ്രതയും ശരീരത്തിന് ബാലൻസും വർധിപ്പിക്കും.
പ്രായമായവർക്കും രോഗികൾക്കും യോഗ അനായാസം ചെയ്യാവുന്നതാണ്. ശ്വാസത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് വളരെ സാവധാനമാണ് യോഗാസനങ്ങൾ ചെയ്യേണ്ടത്. അതിനാൽ നോമ്പ് ഇതിന് തടസ്സമാകില്ല. ഏതുസമയത്തും യോഗചെയ്യാവുന്നതാണ്.
നമ്മുടെ തെറ്റായ ജീവിതക്രമംമൂലം നമ്മുടെ മനുഷ്യ ശരീരത്തിൽ അസുഖങ്ങൾ വർധിച്ചുവരുന്നു. യോഗയിലൂടെ ഒരു പരിധിവരെ രോഗങ്ങളെ നിയന്ത്രിക്കാൻ കഴിയും. ഓരോ ആസനങ്ങളും ഓരോ ശരീരവ്യവസ്ഥകൾക്ക് ഗുണം ചെയ്യുന്നതാണ്. ദഹനവ്യവസ്ഥ, ശ്വസന, നാഡീവ്യവസ്ഥ പോലുള്ള ശരീരവ്യവസ്ഥകൾക്ക് വ്യത്യസ്ത ആസനങ്ങൾ പരീക്ഷിക്കാം. സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ജീവിതശൈലീരോഗമായ പ്രമേഹത്തെ ചെറുക്കാൻ യോഗയിലെ ധനുരാസനം പരീക്ഷിക്കാം. ധനുരാസനം പതിവാക്കിയാൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയും.
മുമ്പത്തെ ഭക്ഷണരീതിയിൽനിന്ന് വളരെ വ്യത്യസ്തമാണ് ഇന്നത്തെ ഭക്ഷണരീതി. എണ്ണയിലും നെയ്യിലും വറുത്തെടുത്ത ഒരുപാട് ഭക്ഷണവിഭവങ്ങളാണ് നാം കഴിക്കുന്നത്. നോമ്പുനാളുകളിൽ രാത്രിസമയങ്ങളിലാകും ഇതെല്ലാം കഴിക്കുന്നത്. യോഗ പതിവാക്കിയാൽ ശരിയല്ലാത്ത ഭക്ഷണക്രമത്തിന് മാറ്റം സാധ്യമാകും. യോഗ ഒരു മെഡിറ്റേഷൻകൂടിയാണ് എന്നതിനാൽ മാനസിക ഊർജവും ഉന്മേഷവുംകൂടി കൈവരുന്നു. മനസ്സിനെയും ശരീരത്തെയും ഇതുവഴി ശുദ്ധിയാക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.