ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം; സൗദി അറേബ്യക്ക് കുവൈത്തിന്റെ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: 2034 ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യക്ക് കുവൈത്തിന്റെ അഭിനന്ദനം.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ സൗദി അറേബ്യക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. സൗദി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കുവൈത്ത് നേതൃത്വം അഭിനന്ദന സന്ദേശമയച്ചു.
2034 ഫിഫ ലോകകപ്പ് വേദിയായ സൗദി അറേബ്യയെയും 2030ൽ ആതിഥേയത്വം വഹിക്കുന്ന സ്പെയിൻ, പോർചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളെയും വാർത്താവിതരണ, സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി അഭിനന്ദിച്ചു. മൊറോക്കോ, സൗദി അറബ് രാജ്യങ്ങളുടെ വിജയകരമായ പങ്കാളിത്തം അറബ് ലോകത്തിന് ശ്രദ്ധേയമായ നേട്ടമാണെന്നും മന്ത്രി അൽ മുതൈരി പറഞ്ഞു.
ചൊവ്വാഴ്ചയാണ് സൗദി അറേബ്യയെ 2034 ലോകകപ്പ് വേദിയായി ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫിഫയുടെ 25ാമത്തെ ലോകകപ്പിനാണ് സൗദി സാക്ഷിയാകുക.
ആറ് വൻകരകളിൽനിന്ന് 48 ടീമുകൾ ലോകകപ്പിന്റെ ഭാഗമാകും. സൗദിയിൽ അഞ്ച് നഗരങ്ങളിൽ 15 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.